ജാമ്യവിചാരം

  • Published on July 08, 1908
  • By Staff Reporter
  • 693 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മിസ്റ്റർ ബാലഗംഗാധര തിലകന്‍റെ മേൽ, രാജ്യദ്രോഹക്കുറ്റം ആരോപിച്ച്, ബംബയിൽ വച്ച് നടത്തുവാൻ തുടങ്ങിയിരിക്കുന്ന കേസ്സ് പ്രസിഡൻസി മജിസ്‌ട്രേറ്റിനാൽ, സെഷൻസ് കോടതിയിലേക്ക് കമ്മിറ്റു ചെയ്യപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ, അദ്ദേഹത്തെ ജാമ്യത്തിൽ വിടേണ്ടതിനു, ഹൈക്കോടതി മുമ്പാകെ ചെന്ന  അപേക്ഷയെ ജസ്റ്റിസ് ഡേവർ തള്ളിയിരിക്കുന്നു എന്നുള്ള വർത്തമാനം പലർക്കും ആശ്ചര്യത്തെയും, സന്താപത്തെയും ജനിപ്പിച്ചിട്ടുണ്ട്. മിസ്റ്റർ തിലകർ, രാജ്യതന്ത്ര കാര്യങ്ങളിൽ ഏതു തരം അഭിപ്രായക്കാരനായിരുന്നാലും, അദ്ദേഹത്തിന്‍റെ " കേസരി " പത്രത്തിലെ ലേഖനങ്ങൾ, ജാമ്യം അനുവദിക്കാൻ പാടില്ലാത്ത വിധം രാജദ്രോഹകരമാണെന്നു സ്ഥാപിക്കുന്നതിനു ഇനിയും വേണ്ടുവോളം തെളിവ് വിചാരണകൾ കഴിഞ്ഞിട്ടില്ലെന്നുള്ള സംഗതി മുഖ്യമായി ഗണിക്കപ്പെടേണ്ടതാണല്ലോ. ബംബാ സംസ്ഥാനത്തിലെ പൊതുജന പ്രമാണികളിൽ വളരെ പ്രാധാന്യം സിദ്ധിച്ചിട്ടുള്ള മിസ്റ്റർ തിലകരുടെ രോഗാവസ്ഥയും, അദ്ദേഹത്തിന് കേസ്സ് വിചാരണയിൽ നിന്ന് ഒഴിഞ്ഞു പൊയ്ക്കളയുവാൻ പ്രേരകമായി യാതൊരു സംഗതിയും ഇല്ലാത്ത വസ്തുതയും,  കേസ്സിലെ  തെളിവിന്‍റെ തൽക്കാല നിലയും  മറ്റും നോക്കി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുവാൻ, വക്കീൽ അപേക്ഷിച്ചു എങ്കിലും, ജഡ്ജി അതിനെ അനുവദിക്കുന്നതിന് നിർവ്വാഹമില്ലെന്നാണ് ഉത്തരവിട്ടത്. ഇന്ത്യയിൽ രാജദ്രോഹക്കുറ്റം ചുമത്തി പിടിക്കപ്പെട്ടിട്ടുള്ള പല പത്രപ്രവർത്തകന്മാരെയും, ഇതിന്മണ്ണം ജാമ്യത്തിൽ വിടാതെ തടവിൽ പാർപ്പിക്കാൻ ജഡ്ജിമാർ തീരുമാനിക്കുന്നത് പരിതാപകരമായ സംഗതിയാകുന്നു. ഭരണീയ പ്രജകളെ ഗവർമ്മേണ്ടുമായി  ഛിദ്രിപ്പിക്കുന്നതിന് മനപ്പൂർവമായി ഒരുങ്ങി, അപ്രകാരമുള്ള ലേഖനങ്ങളും പ്രസംഗങ്ങളും പ്രയോഗിക്കുന്നവരെയും, ഗവർന്മേണ്ടിന്റെ നടവടികളെപ്പറ്റി, കഠിനമായിട്ടാണെങ്കിലും, ഗുണദോഷ വിവേചനം ചെയ്ത് ലേഖനങ്ങൾ, പ്രസിദ്ധമാക്കുന്നവരെയും തുല്യമായി വിചാരിക്കുന്നതായാൽ, നാട്ടിൽ, എപ്പോഴും രാജദ്രോഹ ക്രിമിനൽ കേസ്സുകൾ കൊണ്ടുള്ള ക്ലേശം ബഹളമായിത്തീരുവാനാണ് എളുപ്പമുള്ളത്. പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ രാജദ്രോഹകരങ്ങളാണോ അല്ലയോ എന്നുള്ളതിനെപ്പറ്റി അഭിപ്രായങ്ങൾ ഉണ്ടായിക്കാണുന്നത് "രാജദ്രോഹം" എന്നതിന്‍റെ അതിരുകളെ നിശ്ചിതമായി പരിച്ഛേദിക്കായ്കയാലാകുന്നു, എന്ന്  ഇന്ത്യയിലെവിടെയും ഇപ്പോൾ ഒരു പൊതുവായ ആക്ഷേപം പറഞ്ഞു വരുന്നുണ്ട്.  രാജദ്രോഹത്തിന്‍റെ വ്യാഖ്യാനം ഓരോരുത്തന്  തോന്നിയതു  പോലെയാക്കാമെന്നു വന്നാൽ, ലേഖനകർത്താക്കന്മാരുടെ വാക്കുകളുടെ ഉള്ളിനെ ശരിയായി അറിയുന്നതിന് ശ്രദ്ധ വയ്ക്കാതിരിക്കയോ, ബുദ്ധിസാമർത്ഥ്യമില്ലാതിരിക്കയോ ചെയ്യുന്നവർക്ക്, വർത്തമാന പത്രങ്ങളിൽ രാജ്യഭരണ സംബന്ധമായി പ്രതിപാദിക്കുന്ന ഗുണദോഷ നിരൂപണങ്ങളിൽ രാജ്യദ്രോഹ ശങ്ക സാധാരണമായി വരാവുന്നതാണ്. രാജദ്രോഹം മുതലായ കേസ്സുകളിൽ അന്യായം ബോധിപ്പിക്കുന്നതിന് പ്രതിയെപ്പോലെ പൗരത്വത്തെ മാത്രം വഹിക്കുന്ന ഒരുവനല്ലാ ഉദ്യമിക്കുന്നത്, എന്നിരിക്കയാൽ, പോലീസുദ്യോഗസ്ഥന്മാരുടെയോ മജിസ്‌ട്രേറ്റിന്‍റെയോ മനോധർമ്മം പോലെ തോന്നാവുന്ന ശങ്കയെ പരിശോധിപ്പാൻ അവർക്ക് തരമില്ല. പലപ്പോഴും, ഈ ചെറുതരം ജീവനക്കാർ നിയമതത്വങ്ങളെ നല്ലവണ്ണം പരിചയിച്ചവരോ, ഭാഷയുടെ ഗതികളെപ്പറ്റി നല്ലവണ്ണം പാണ്ഡിത്യം സമ്പാദിച്ചവരോ ആയിരുന്നില്ലെന്നും  വരാം.  ഇപ്രകാരമുള്ള അവസ്ഥകളിൽ, രാജദ്രോഹക്കുറ്റം ആരോപിച്ചു പിടിക്കപ്പെടുന്നവരുടെ സ്ഥിതിയെപ്പറ്റിയും മറ്റും നിഷ്‌പക്ഷപാതമായും നീതിക്കനുസരണമായും ചിന്തിച്ച് പ്രവർത്തിക്കേണ്ടത് ജഡ്‌ജിമാരുടെ ധർമ്മം ആകുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ അസ്വസ്ഥാവസ്ഥയിൽ, ജഡ്‌ജിമാരുടെ മനസ്സിനുണ്ടായിരിക്കേണ്ടുന്ന അചഞ്ചലത്വം തന്നെയും ചഞ്ചലപ്പെട്ടു പോവാനിടയുണ്ട് എന്നിരിക്കയാലാണ്, പല കേസുകളിലും, ജഡ്ജിമാർ നിയമപ്രകാരമുള്ള ശിക്ഷയുടെ പരമാവധി വരെ വിധി കല്പിച്ചു വരുന്നത് എന്ന് സന്ദേഹമുണ്ട്. ജാമ്യം അനുവദിക്കുന്ന വിഷയത്തിലും, ഈ ചഞ്ചലത്വം ചിലരെ ബാധിക്കാറുണ്ട്. ഇങ്ങനെയാകുന്ന പക്ഷം, ചിലപ്പോൾ നിരപരാധികളായിരിക്കാവുന്ന ആളുകളെ വെറുതെ തടവിലിട്ടു കഷ്ടപ്പെടുത്തി എന്ന് വരാം. നീതിയുടെ സ്വഭാവത്തിന്, ഇങ്ങനെ  സംഭവിക്കുന്നത്, വളരെ അനുചിതവുമാകുന്നു. മിസ്റ്റർ തിലകരുടെ പക്ഷത്തേക്ക് ജാമ്യം അനുവദിക്കേണ്ടതിനു വക്കീൽ ബോധിപ്പിച്ച ന്യായങ്ങൾ, 1897 ൽ മിസ്റ്റർ തിലകരുടെ മേൽ നടന്ന കേസ്സിൽ, ജസ്റ്റിസ് തിയാബ്ജി എഴുതിയിട്ടുള്ള ന്യായങ്ങളെ കൂട്ടിച്ചേർത്തിട്ടുള്ളവയായിരുന്നു. ഒരാൾ കുറ്റക്കാരനാണെന്ന് സിദ്ധവൽക്കരിക്കുന്നതിനു മുമ്പായി, അയാളെ ന്യായമായി വിചാരണ ചെയ്കയും കുറ്റക്കാരനെന്ന് കാണുകയും ചെയ്തിരിക്കണമെന്നുള്ളത് മുഖ്യമായ ഒരു നിയമതത്വമാകുന്നു. പ്രതിയായി പിടിക്കപ്പെട്ട ആൾ ഒളിച്ചോടി പൊയ്ക്കളയുകയോ, വിചാരണ സമയം കോടതിയിൽ, ഹാജരാകാതിരിക്കുകയോ ചെയ്യുക നിമിത്തമായി, നീതി നടത്തുന്നത് സാധ്യമാകാതെ വന്നുകൂടാ എന്നുള്ളത് മറ്റൊരു നിയമപ്രമാണവുമാകുന്നു. ഇതിനെ ആധാരമാക്കിയാണ്, സാധാരണമായി, ജാമ്യം അനുവദിക്കുന്ന വിഷയം തീരുമാനിക്കപ്പെടുന്നത്.  സദാചാരദോഷത്താൽ കളങ്കിതനായ ഒരുവനെ സംബന്ധിച്ച് ജാമ്യം എടുക്കാതെ ഇരിക്കുന്നത് സമാധേയമായി വരാം. എന്നാൽ, ഗവർന്മേണ്ടിന്റെ നീതിപരിപാലനത്തെ തോൽപ്പിക്കുന്നതിന് നാടുവിട്ടു  ഒളിച്ചോടുകയോ, വിചാരണയ്ക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുവാൻ സംഗതിയില്ലാത്തവരെ അപ്രകാരം ജാമ്യം എടുക്കാതെ തടവിൽ പാർപ്പിക്കുന്നതിലേക്ക് ആവശ്യമുണ്ടോ എന്നത് സംശയഗ്രസ്തമാകുന്നു. ജാമ്യത്തിൽ വിടുന്ന കാര്യത്തിൽ ഗവർന്മേണ്ടിന്  അന്യഥാ ശങ്ക വേണ്ടാത്ത സംഗതികളിൽ, പൊതുജന പ്രമാണികളെ ജാമ്യത്തിൽ വിടാതിരിക്കുന്നതായാൽ, ബഹുജനങ്ങളുടെ ഇടയിൽ ഭയം കൊണ്ട് അസ്വസ്ഥത ശമിക്കുക എന്നതിന് പകരം, നൈരാശ്യത്താൽ അസന്തോഷം ഉണ്ടാവുകയല്ലയോ  അധികം സംഭാവ്യം എന്നത് ചിന്തിക്കേണ്ട വിഷയമാകുന്നു.  

പത്രം അച്ചടിക്കാറായപ്പോൾ, ചാല ലഹളക്കേസിന്‍റെ ഇന്നത്തെ വിചാരണ പ്രാരംഭത്തെക്കുറിച്ച് ഞങ്ങളുടെ പ്രതിനിധിയുടെ റിപ്പോർട്ട് കിട്ടുകയും അത് മറ്റൊരു പംക്തിയിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസ്സിലെ പ്രതികളിൽ പലർക്കും ജാമ്യമനുവദിക്കേണ്ട ആവശ്യത്തെപ്പറ്റി പ്രതിഭാഗം വക്കീലന്മാർ വാദിച്ച ന്യായങ്ങളൊക്കെ നിഷ്‌ഫലമായി എന്നു റിപ്പോർട്ടിനാൽ അറിയുന്നു. പ്രതിവക്കീലന്മാരുടെ ബലമേറിയവയും പ്രത്യക്ഷമായി ന്യായഗർഭവുമായ വാദങ്ങൾ കേട്ടിട്ടും, ജാമ്യം അനുവദിക്കുന്നതിന് കോടതിക്ക് മനസ്സ് വരാത്തതിനെപ്പറ്റി പലർക്കും വ്യസനമാണുള്ളത്. ഞങ്ങളുടെ റിപ്പോർട്ടിൽ കാണപ്പെടുന്നവയും പ്രതിവക്കീലന്മാരാൽ വാദിക്കപ്പെട്ടവയുമായ ന്യായങ്ങൾ, കാര്യബോധമുള്ള വായനക്കാരുടെയും, വിശേഷിച്ച്, നിയമശാസ്ത്രജ്ഞന്മാരുടെയും ഗൗരവപ്പെട്ട ആലോചനയ്ക്ക് വിഷയീഭവിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 

Bail processes

  • Published on July 08, 1908
  • 693 Views

Bal Gangadhar Tilak has been committed to the Sessions Court by the Presidency Magistrate for the charge of treason against him. The news that Justice Davar has rejected the application before the High Court to release Mr. Tilak on bail has caused surprise and grief to many. Whatever Mr. Tilak’s political opinion may have been, it is to be considered that his articles in the newspaper ‘Kesari‘ have not yet been sufficiently verified to establish that they are so seditious that he should not be granted bail. Although the lawyer applied to get bail to Mr. Tilak, who is very important among the public leaders of the state of Bombay, on the grounds that his physical condition is bad and that there is nothing to motivate him to escape from the trial, as well as the current state of the evidence in the case, etc., the judge had ordered that these circumstances will not be sufficient to grant him bail. It is a sad state of affairs that many journalists who have been arrested similarly in India on charges of treason have been kept in jail without bail. Those who use such articles and speeches, deliberately prepared to alienate the people from the government should not be equated with those who make the articles public, even though they are harsh and often criticise the actions of the government. If so, it will be easy for such treason criminal cases to cause uproar in the country.

It is now a common allegation everywhere in India that the term "sedition" is not strictly defined. The opinions expressed as to whether articles published in newspapers are seditious or not is a matter of contention. If the interpretation of treason can be made according to what each one felt, those who do not pay proper attention to understand the meaning of the words of the authors, or who do not have such intelligence, the suspicion of treason can be attributed commonly to all the positive and negative criticisms expressed in the current newspapers. In cases involving treason, sedition etc., it is not possible for one, like the accused, who bears only the citizenship, to examine what may appear to be the intuitions of the police officers or magistrates. Often, these junior employees may not be well versed in the language or well informed in the legal principles. In such situations, it is the duty of the judges to think impartially and fairly about the situation of those accused of treason and so on. In the current state of unrest in India, the judges are passing sentences up to the maximum punishment under the law. It is to be doubted that in many cases, even the most judicious of the judges are likely to be irresolute. In the matter of granting bail too, this fickleness affects some of them. If this is the case, sometimes innocent people may also be imprisoned and made to suffer.

Considering the nature of justice, it is very inappropriate for such things to happen. The arguments adduced by the counsel for granting bail to Mr. Tilak in this case were compounded to those written by Justice Tyabji in the case against him in 1897. It is a fundamental principle of law that a person must be fairly tried and found guilty before he can be presumed guilty. It is another rule of law that the administration of justice shall not be rendered impossible by the reason of absconding of the accused or his absence from the court at the time of trial. It is on this basis that the issue of grant of bail is usually decided. Not granting bail may be justified in the case of one who is tainted by moral turpitude. However, it is doubtful whether it is necessary to keep those who have no reason to escape from the country or have no reason not to appear for the trial to defeat the administration of justice in jail without granting bail. In cases where the government does not have any qualms about releasing individuals on bail, it is a matter to be considered whether well known public figures should be released on bail. Otherwise, instead of the unrest among the masses being calmed by fear, it is more likely that there will be dissatisfaction due to frustration.

As the paper goes to print, we have received our correspondent's report on today's commencement of the trial of the Chala riot case and have added it in another column. It is known from the report that all the reasons argued by the defence lawyers about the need to grant bail to many of the defendants in this case were ineffective. Despite hearing the strong and apparently justifiable arguments of the defence counsel, many are dismayed that the court was reluctant to grant bail.

We believe that the arguments found in our report and advanced by the respondents will be the subject of serious consideration by the discerning readers and especially the legal scholars.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like