സമുദായ സ്പർദ്ധ

  • Published on February 23, 1910
  • By Staff Reporter
  • 346 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തന്‍റെ  സമുദായത്തിലെ  അംഗങ്ങളുടെ  ന്യൂനതകളെ  മറയ്ക്കുകയും,  അന്യ സമുദായാംഗങ്ങളുടെ  ന്യൂനതകളെ  പർവ്വതമാക്കി കാണിക്കയും ചെയ്യുകയാണ് സമുദായപരിഷ്കാരത്തിൽ മുഖ്യമായ സാധനമാർഗ്ഗം എന്ന് വിചാരിച്ചിരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. ഈ സ്വഭാവത്തെ സ്വസമുദായാഭിമാനം എന്ന് ഉദ്ഘോഷിക്കുവാനും,  പരസമുദായദൂഷണസമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കാനും ഒരുക്കമുള്ളവരായി ചിലർ സമുദായ പ്രമാണികളുടെ വേഷത്തിൽ അഭിനയിക്കാറുമുണ്ട്. ഇങ്ങനെയുള്ള ദൂഷണങ്ങൾ തിരുവിതാംകൂർ സംസ്ഥാനത്ത് ക്രമത്തിലധികവും അനുവദിക്കപ്പെടാവുന്ന അതിരിനെ കവിഞ്ഞും കളിയാടുന്നതിനു സമ്മതിക്കപ്പെട്ടും കാണുന്നുണ്ട്. സർക്കാർ  ഉദ്യോഗങ്ങൾക്കു ആൾ നിയമിക്കുന്ന സംഗതിയിൽ നിന്നാണ് ഇത്തരം ദൂഷണങ്ങൾ മുളച്ചു വളരുവാൻ ഇടയായിട്ടുള്ളതെന്ന് ഞങ്ങൾ മുമ്പ് പലതവണ സൂചിപ്പിച്ചിട്ടുള്ളതാണ്. ദിവാൻജിമാർ ഏതെങ്കിലുമൊരു സമുദായക്കാരൊട് പ്രത്യേകം പ്രീതി കാട്ടുകയും അവർക്ക്‌ അധികം പ്രസാദങ്ങൾ നൽകുകയും ചെയ്യുമ്പൊൾ, അവർ  ആ പ്രീതിയെയും പ്രസാദത്തെയും തരമാക്കിക്കൊണ്ടു ഇതരസമുദായക്കാരെ ഇടിച്ചു താഴ്ത്തുവാൻ നോക്കുന്നത് അപൂർവ്വമായ സംഗതിയല്ലാ. എന്നാൽ, ഈ മത്സരം, ഉദ്യോഗ കാര്യങ്ങളെ വിട്ട്, സാമുദായ കാര്യങ്ങളിൽ കടന്ന് കേവലം കുറ്റകരമായ ദൂഷണമായിത്തീരുന്നതാണ് ശോച്യമായിട്ടുള്ളത്. തന്‍റെ സമുദായം മറ്റു സമുദായങ്ങളക്കാൾ അധികാര പ്രാബല്യത്തിൽ ഉയർന്നിരിക്കണം എന്നും, അങ്ങനെ ഉയർന്നിരിക്കുന്നതിനു വേണ്ട യത്നങ്ങൾ ചെയ്യുന്നത് തന്‍റെ സമുദായാഭിമാനകൃത്യമാണെന്നും വിചാരിച്ചിട്ടാണ് ഇത്തരം ദൂഷണങ്ങൾക്ക് ചിലർ ഒരുങ്ങിയിരിക്കുന്നത്. സമുദായാഭിമാനം എന്നത്, ഒരാൾക്ക് സ്വാർത്ഥൈകപ്രതിപത്തി എങ്ങനെയോ, അങ്ങനെ ഒരു സമുദായത്തിനു  ഗുണത്തെയും ദോഷത്തെയും ഉണ്ടാക്കുന്ന സ്വഭാവ൦ ആകുന്നു എന്ന് ഹെർബെർട്ട്  സ്‌പെൻസർ പ്രസ്താവിച്ചിട്ടുള്ളതായി ഞങ്ങൾ ഓർക്കുന്നുണ്ട്. അന്യന്മാരുടെ കാര്യങ്ങളിൽ അനുകമ്പയൊടു കൂടാതെ തൻകാര്യം നേടുന്നതിൽ താല്പര്യത്തോടുകൂടി മാത്രം പ്രവർത്തിക്കുന്നതു കൊണ്ടുള്ള ദോഷങ്ങൾ പരാക്രമശീല വർദ്ധനയും,  ഇതരന്മാരോട് ശത്രുത്വവും ആണ്. തനിക്കില്ലാത്ത അവകാശത്തെ നടത്തുവാൻ തുനിയുന്നവർ ഈ രണ്ടു ദോഷങ്ങളെയും വളർത്തുന്നവരാണ്. ഇതേ പ്രകാരം തന്നെയാണ് സമുദായാഭിമാനത്തെ അനർഹമായ വിധത്തിൽ പ്രയോഗിക്കുമ്പൊഴും ഇതരസമുദായങ്ങളുടെ ക്ഷേമത്തെ തകരാറാക്കുകയും അവരുടെ വിരോധം സമ്പാദിക്കുകയും ചെയ്യുവാൻ ഇടവരുന്നത്. തന്‍റെ  സമുദായത്തിന്‍റെ ന്യൂനതകളെ  കാണാതിരിക്കുകയും അതേ ന്യൂനതകൾ മറ്റു സമുദായങ്ങളിൽ കാണുമ്പൊൾ അവയെ ക്രമത്തിലധികം നിന്ദിക്കയും, അവ ക്ഷമിക്കത്തക്കവയല്ലെന്നു വാദിക്കുകയും  ചെയ്യുന്നത് സ്വവർഗ്ഗപക്ഷപാതത്തിന്‍റെ പ്രകടനമാകുന്നു എന്നു സമുദായശാസ്ത്രജ്ഞന്മാർ പറയുന്നു. ഇത് മനസ്സിൽ വിവേകപൂർവ്വമായ വിചാരണശീലത്തെ നശിപ്പിക്കുന്നു. ഈ സ്വഭാവദോഷം ഉള്ളവർ സമുദായ നായകന്മാരായി ഇരിക്കുവാൻ യോഗ്യന്മാരല്ല .ഇവരുടെ പ്രേരണയാൽ സമുദായാഭിമാനം എന്ന ഭാവേന ചിലർ ചെയ്യുന്ന പ്രവൃത്തികൾ സമുദായത്തിനാകെ ദോഷാവഹമായി തീരുന്നു. ഒരുവൻ തന്‍റെ  സമുദായത്തിന്  അന്യസമുദായത്തിൽ നിന്ന് ആപത്തു നേരിടുമ്പൊൾ ആ ആപത്തിനെ തടുക്കുവാനായി അന്യസമുദായത്തെ നിരോധിക്കേണ്ടി വരുന്നതായാൽ അതു ക്ഷന്തവ്യം തന്നെ. എന്നാൽ, അന്യസമുദായങ്ങളുടെ പേരിൽ ഭാവനാസൃഷ്ടമായ ഭയം വെയ്ക്കുകയും, അതിനെ  അടിസ്ഥാനമാക്കി അന്യസമുദായത്തെ പീഡിപ്പിക്കുകയും ചെയ്യുന്നത് ക്ഷമായോഗ്യമായ കാര്യമല്ല. അപ്രകാരമുള്ള അതിക്രമങ്ങൾ സമുദായങ്ങൾ തമ്മിൽ അനാവശ്യമായ വിരോധത്തിനും തന്മൂലം ക്ഷേമനാശത്തിനും കാരണമാകുന്നു. അതിനാലാകുന്നു സമുദായങ്ങളെ തമ്മിൽ വഴക്കു കൂട്ടി വിരോധപ്പെടുത്തുന്നതിനെ ഗവര്‍ന്മെണ്ടു് കുറ്റമായി കരുതിയിരിക്കുന്നത്. ഒരു സമുദായത്തെപ്പറ്റി പൊതുവിൽ നിന്ദയോ ദ്വേഷമോ വിരോധമോ തോന്നിക്കത്തവണ്ണം മറ്റൊരു സമുദായത്തിന്‍റെ പ്രധിനിധിസ്ഥാനത്തിലാകട്ടെ കാര്യലാഭത്തിനാകട്ടെ, ലേഖനങ്ങൾ എഴുതി  ബഹുജനങ്ങളുടെ മനസ്സിൽ വിഷജ്വാല കയറ്റുന്നതിന് തിരുവിതാംകൂറിലെ ചില പത്രങ്ങൾ പലപ്പൊഴും  ഒരുക്കമായിരിക്കുന്നു.  ഈ അതിക്രമങ്ങൾ  ഗവര്‍ന്മെണ്ടിന്‍റെ  ദൃഷ്ടിയിൽ പെടാഞ്ഞിട്ടാണ് ഇവയ്ക്കു അനുവാദം നൽകപ്പെട്ടിരിക്കുന്നതെന്ന്  ഞങ്ങൾ വിചാരിക്കുന്നില്ലാ. ദിവാൻ മിസ്റ്റർ രാജഗോപാലാചാരി ഇത്തരം ജാതി വഴക്കുകളെ  കാണുന്നില്ലെന്നും ഞങ്ങൾ വിചാരിക്കുന്നില്ലാ. അദ്ദേഹത്തിന്‍റെ കൺമുമ്പിൽ ഇരിക്കുന്നതും, പക്ഷെ  അദ്ദേഹത്തിന്‍റെ സ്തുതിപാഠനത്താൽ  അദ്ദേഹത്തിന്  കൺമയക്കം ഉണ്ടായിരിക്കുന്നതുമായ ഒരു പത്രത്തിൽ  തുടരെത്തുടരെ ബ്രാഹ്മണസമുദായത്തെപ്പറ്റി എത്രയോ നിന്ദാവഹങ്ങളും രോഷജനകങ്ങളും  ആയ അസംബന്ധ  പ്രലപനങ്ങൾ  ചെയ്‌തു വരുന്നതു രാജ്യത്തില്‍ അനാവശ്യമായ കലഹം ഉണ്ടാക്കുന്നതിനുള്ള വഴിയാണെന്ന് അദ്ദേഹം  അറിയുന്നില്ലായിരിക്കുമോ? - "ഈ സനാതനമഠം ബ്രാഹ്മണമതത്തിന്‍റെ പുനർജീവനം മാത്രമാകുന്നു. പക്ഷപാതവിപുലവും ദുരാചാരകുടിലവും സ്വാർത്ഥപ്രസക്തവും പരഹിംസാപരവും കൊലപാതക പ്രേരകവും നിന്ദ്യവും ആയ വികാരങ്ങളുടെയും വിചാരങ്ങളുടെയും സുഖവാസമന്ദിരമാണ് ഈ  കാലത്തെ ബ്രാഹ്മണമതം. അതു ഈ നാട്ടുകാർക്ക് പൊതുവേയും വിശേഷിച്ച് നായന്മാർക്കും പ്രത്യേകിച്ചു ഒരു ധൂമകേതു തന്നെ ആകുന്നു. ഹാസ്യപ്രദമായ ദാസ്യത്തിൽ നായർ സമുദായത്തെ സമ്പ്രദായത്തിൽ നയിച്ചു അവരുടെ ധനത്തെ അപഹരിച്ചു അവരെ നശിപ്പിക്കണമെന്നുള്ള ദുരുദ്ദേശ്യം മാത്രമാണ് ഈ സനാതനമഠത്തിന്‍റെ ദുർമ്മോഹം. ബ്രാഹ്മണ വേഷധാരികളായ ചില കഠിനഹൃദയന്മാർക്കു മാനവസമുദായത്തെ ഉപദ്രവിക്കുന്നതിനു സ്വതസ്സിദ്ധമായിരുന്ന അവകാശം ബ്രിട്ടീഷ് ഭരണം  അസാമാന്യം ക്ഷയിപ്പിച്ചിട്ടുണ്ട്. ജനമർദ്ദനാധികാരത്തെ പ്രബലീഭവിപ്പിച്ചു് സ്വകാര്യലാഭത്തെ പോഷിപ്പിക്കുന്നതിനു അവർ ചെയ്‌തുവരുന്ന മനോവ്യവസായത്തിന്‍റെ സന്താനങ്ങളിൽ ഒന്നു തന്നെയാണ് ഈ സനാതനമഠസ്ഥാപനോദ്ദേശ്യം. ഇപ്രകാരം നായർവർഗ്ഗത്തിനെ നശിപ്പിക്കുന്നതിനു ചെയ്യുന്ന ഈ സ്ഥാപനത്തിന്‍റെ ധനശേഖര വിഷയത്തിൽ ഒരു നായരുടെ നാമമോ അനുഭാവമോ കാണുന്നത് അത്യന്ത൦ ക്ലേശാവഹമാകുന്നു" ----- ഇത്തരം ലേഖനങ്ങൾ ഗവര്‍ന്മെണ്ടിന്‍റെ ശാസനയെ അർഹിക്കുകയില്ലെങ്കിൽ ഈ നാട്ടിൽ മറ്റെന്തു തന്നെ പ്രവർത്തിച്ചുകൂടാ എന്നു ഞങ്ങളറിയുന്നില്ലാ.



You May Also Like