നാട്ടുവൈദ്യശാലാ വകുപ്പ്

  • Published on April 08, 1910
  • By Staff Reporter
  • 361 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പ്രാചീനവും പരിഷ്‌കൃതവുമായ ആയുർവേദ ചികിത്സാ സമ്പ്രദായം ഇടക്കാലത്ത് അതിനെ ബാധിച്ചിരുന്ന അംഗവൈകല്യം നിമിത്തം അല്പം മങ്ങിപ്പോയിട്ടുണ്ടെങ്കിലും, അതിൻ്റെ രൂപാന്തരങ്ങളാണ് ഇന്നും പലേ രാജ്യങ്ങളിലും പലേ നാമധേയത്തോടു കൂടി പ്രചരിച്ചു പോരുന്ന ചികിത്സാക്രമങ്ങൾ എന്നുള്ളത് കേവലം രഹസ്യമായിട്ടുള്ളതല്ലല്ലോ. ഇന്ത്യക്കാരുടെ ആരോഗ്യരക്ഷക്കു ഉപയുക്തമായ ഈ മാതൃകാ വൈദ്യത്തിനെ ഉദ്ധരിച്ചു നല്ല നിലയിൽ കൊണ്ടുവരുന്നതിനു ഇദം പ്രഥമമായി ശ്രമിച്ചത് തിരുവിതാംകൂർ ഗവൺമെന്‍റാണെന്നുള്ള  വാസ്തവം പ്രത്യേകം പ്രസ്താവയോഗ്യമാകുന്നു. ഗവൺമെന്‍റിന്‍റെ ഈ പ്രവൃത്തി പ്രശംസാവഹമാണെന്നുള്ളതിന് രണ്ടു പക്ഷമില്ല. എന്നാൽ ഒരു ഗവൺമെന്‍റിന്‍റെ നിഷ്ക്കളങ്കമായ ധർമ്മാനുഷ്ഠാനം നാമമാത്രങ്ങളായ ഏതാനും പരിഷ്‌കാരങ്ങൾ ആരംഭിക്കുന്നതുകൊണ്ടല്ല സാധിക്കപ്പെടുന്നത്. അവയെ യഥാർത്ഥമായും പൂർണ്ണതയോടും നിർവഹിക്കുന്നത് കൊണ്ട് മാത്രമാകുന്നു. ഒരു കൃത്യം പ്രാരംഭം കൊണ്ടുമാത്രം ഫലപ്രദമായിത്തീരുമെങ്കിൽ നാട്ടുവൈദ്യ വകുപ്പിനെ സംബന്ധിച്ചു ഗവൺമെന്‍റിനുള്ള ചാരിതാർത്ഥ്യസൂചകമായ മൗനത്തിനും അർത്ഥമുണ്ട്. ഈ സ്ഥാപനത്തെ പരിഷ്‌ക്കരിക്കുന്നതുകൊണ്ട് മഹത്തായ ഒരു ജനക്ഷേമ കൃത്യം ഗവൺമെന്‍റിന്  അനായാസം സാധിക്കുവാൻ കഴിയും. എന്നാൽ ഇതിനു അമിതമായി ധനവ്യയമോ അപാരമായ ആലോചനാശക്തിയോ ആവശ്യമില്ല. ഈ വിഷയത്തെ സംബന്ധിച്ച് ഞങ്ങൾ ഇതിനു മുമ്പ് പലേ പ്രാവശ്യവും പ്രതിപാദിക്കാനിടയായിട്ടുള്ളതും ഇതിൻെറ പ്രത്യക്ഷാനുഭവപൂർവമായ ഉപയോഗത്തെ ഉദ്ദേശിച്ചു മാത്രമാണെന്ന് പറയാതിരിക്കുവാൻ നിവൃത്തിയില്ല. നാട്ടുവൈദ്യത്തിൽ ജനസമുദായത്തിന് പരമ്പരാസിദ്ധമായ വിശ്വാസം ഇത്രമാത്രമുണ്ടെന്ന്  ഗവൺമെന്‍റിന് ഇതേവരെയുള്ള ഈ വകുപ്പിൻെറ നടത്തിപ്പുകൊണ്ട് ബോധപ്പെടാനിടയായിട്ടില്ലെങ്കിൽ ആയതു വിസ്മയാവഹം തന്നെ. അതല്ലാ, ഇതുപോലെയൊക്കെ ഇതിനെ മേലും നടത്തിക്കൊണ്ടു പോയാൽ മതിയെന്നാണ്  ഗവൺമെന്‍റ്  വിചാരിച്ചിരിക്കുന്നതെങ്കിൽ, അതിൽപരം ഉത്താനതന്ത്രത്വം വേറെ യാതൊന്നുമില്ലെന്നാണ് ഞങ്ങൾ പറയുന്നത്. വിളയിൽ വിത്തിറക്കുക മുതലായ സർവ്വകൃത്യങ്ങളും ചെയ്തു കഴിഞ്ഞിട്ട് പിന്നീടുള്ള അതിൻ്റെ അന്വേഷണത്തിൽ അലസനായ കൃഷീവലന്‍റെ നയമാണ് ഈ ഡിപ്പാർട്ടുമെന്‍റിനെ സംബന്ധിച്ച്   ഗവൺമെന്‍റ്  അംഗീകരിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് തോന്നുന്നു. ഇത് നിമിത്തം ഫലസിദ്ധി വേണ്ടവിധം ഉണ്ടാകുന്നില്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ പരിഷ്‌ക്കാരദേവത ഈ ഒരു ഡിപ്പാർട്ടുമെന്‍റിനെ മാത്രം കടാക്ഷിക്കാതെയിരിക്കുന്നത് നാട്ടുവൈദ്യത്തിനോടുള്ള അദ്ദേഹത്തിൻെറ വൈമുഖ്യം മൂലമായിരിക്കാമെങ്കിലും നാട്ടുകാർ ഒട്ടുക്ക് ഹൃദയപൂർവം ആദരിച്ചു പോരുന്ന പ്രസ്തുത ഡിപ്പാർട്ടുമെന്‍റിനെ ഈ വിധം നിന്ദ്യകോടിയിൽ തള്ളിക്കളയുന്നത് ഒട്ടുംതന്നെ ആശാസ്യമായിരിക്കുകയില്ല.  ഈ ഡിപ്പാർട്ട്മെന്‍റിന്‍റെ ഉപയോഗപ്രദമായ പൂർണ്ണപരിഷ്‌ക്കാരം ഉദ്ദേശം ഒന്നോ രണ്ടോ ആശുപത്രികൾ വേണ്ടിവരുന്ന ചെലവിൽ നിന്ന് ഒട്ടും കവിഞ്ഞു പോകാത്ത ഒരു തുക കൊണ്ട് നിർവഹിക്കപ്പെടാമെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. അപ്രകാരം ചെയ്യുന്നതുകൊണ്ട് സംസ്ഥാനം ഒട്ടുക്കുള്ള ജനങ്ങൾക്ക് ആയതു ക്ഷേമാവഹമായിത്തീരുകയും ചെയ്യും. തിരുവിതാംകൂർ മലകളിൽ സുലഭങ്ങളായ മൂലികകളുടെ സ്ഥിതിയും നാട്ടുവൈദ്യത്തിൻെറ ലഘുതരമായ സമ്പ്രദായ വൈശിഷ്ട്യവും അറിഞ്ഞിട്ടുള്ളവർ ഞങ്ങൾ പറയുന്നതിനെ വിസംവദിക്കുവാനിടയില്ല. ഈ വകുപ്പിനെ സംബന്ധിച്ച് ഗവൺമെന്‍റിൽ നിന്ന് അവശ്യം ചെയ്യപ്പെടേണ്ടവയായ ചില സംഗതികളെമാത്രം തൽക്കാലം ഇവിടെ നിർദ്ദേശിക്കുന്നു. അവ മിസ്റ്റർ ആചാരിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയീഭവിക്കുന്നതായാൽ അത്യന്തം ഉപകാരപ്രദമായിത്തീരുമെന്നുള്ളതിനു സംശയമില്ല. ഒന്നാമതു തന്നെ ഇപ്പോൾ ഗ്രാന്‍റു വാങ്ങി വരുന്ന വൈദ്യന്മാരുടെ യോഗ്യതയെ നിർണ്ണയിക്കുന്നതിനു വൈദ്യശാലാ സൂപ്രണ്ടിന്‍റെ അധീനതയിൽ ഒരു കമ്മീഷൻ ഏർപ്പെടുത്തണം. ഈ കമ്മീഷൻ മുഖേന സിദ്ധിക്കുന്ന അഭിപ്രായം അനുസരിച്ച് ഇപ്പോഴുള്ള വൈദ്യന്മാരിൽ യോഗ്യന്മാരും പ്രശസ്തന്മാരുമായവരെ തെരഞ്ഞെടുത്ത് അവർക്കുള്ള ഗ്രാന്‍റിനെ ഭേദപ്പെടുത്തിയ ശമ്പളം കൊടുത്ത് ജനബാഹുല്യമുള്ള സ്ഥലങ്ങളിൽ വൈദ്യശാലകൾ സ്ഥാപിച്ച് അവിടെ നിയമിക്കണം. ഈ വൈദ്യശാലകൾക്ക് ആവശ്യപ്പെടുന്ന ഔഷധങ്ങൾ തയ്യാറു ചെയ്ത് അയയ്ക്കുന്നതിനായി തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു ഔഷധശാല തുറക്കപ്പെടണം. ഇതു കൂടാതെ രോഗികളെ താമസിപ്പിച്ച് ചികിത്സിക്കുന്നതിനു കൂടി ഉപയോഗപ്പെടുന്ന ഒരു മാതൃകാ വൈദ്യശാല ഇപ്പോഴുള്ള ആയുർവേദ പാഠശാലയോടു ചേർത്ത്  സ്ഥാപിക്കപ്പെടണം. ഈ സ്ഥാപനം ആയുർവേദ പാഠശാലയുടെ മഹിമയ്ക്ക് ജനനം മുതൽ ബാധിച്ചിരിക്കുന്ന വലുതായ ഒരു ന്യൂനതയെ പരിഹരിക്കുന്നതിനു കൂടി പര്യാപ്തമായിത്തീരാതെയിരിക്കുകയില്ല. വൈദ്യശാലകളെ സംബന്ധിച്ച് ചെയ്യേണ്ടതായ മറ്റൊരു പരിഷ്‌ക്കാരം പുതുതായ ഒരു പരിശോധനാരീതി ഏർപ്പെടുത്തുകയെന്നുള്ളതാകുന്നു. ഇതിലേക്ക് സംസ്ഥാനം ഒട്ടുക്കുള്ള വൈദ്യശാലകളെ മൂന്ന് റേഞ്ചായി വിഭജിക്കുകയും അവയുടെ പരിശോധകന്മാരായി വൈദ്യശാസ്ത്ര വിദഗ്ദ്ധന്മാരും പ്രാപ്തന്മാരുമായ മൂന്നു യോഗ്യന്മാരെ നിയമിക്കുകയും ചെയ്യേണ്ടത് എത്രയും ആവശ്യമായിട്ടുള്ളതാകുന്നു. അവർ മാസത്തിൽ ഒരു പ്രാവശ്യം വീതം തങ്ങളുടെ റേഞ്ചിൽ ഉൾപ്പെട്ട എല്ലാ വൈദ്യശാലകളെയും പരിശോധിക്കുന്നതായാൽ ഈ വകുപ്പിൻെറ നടത്തിപ്പ് അചിരേണ പ്രശസ്തമായിത്തീരാതെയിരിക്കയില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ വല്ല മൂലയിലും മുക്കിലും വൈദ്യന്മാർക്ക് ഗ്രാന്‍റായി വല്ല തുകയും കൊടുത്ത് മാസപ്പടിക്കാരനോ അധികാരിക്കോ പരിശോധനാധികാരവും നൽകി ഗവൺമെന്‍റ്  ചാരിതാർത്ഥ്യം നടിച്ചിരിക്കാനാണ് ഭാവമെങ്കിൽ അത് കേവലം നാമമാത്രമായ ഒരു സ്ഥാപനമായി കലാശിക്കുന്നതിനേ സംഗതിയാകയുള്ളു. അപ്രകാരം സംഭവിക്കാതെയിരിക്കുന്നതിനായി ഗവൺമെന്‍റിന്‍റെ ശ്രദ്ധയെ പ്രത്യേകം ഉൽബോധിപ്പിച്ചു കൊള്ളുന്നു. 

             

You May Also Like