ചീഫ് സെക്രട്ടറിയുടെ സ്വേച്ഛാപ്രഭുത്വം

  • Published on July 31, 1907
  • By Staff Reporter
  • 653 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

"മിസ്റ്റർ രാമൻപിള്ളയുടെ ഭരണകാലത്തുണ്ടായിട്ടുള്ള സംഭവങ്ങളിൽ ആക്ഷേപാർഹമായ ഒന്ന് കണ്ടെഴുത്ത് ഫോറം അച്ചടിക്കുന്നതിന് മദിരാശിയിൽ ഒരച്ചുകൂടക്കാർക്ക് അമിത കൂലിക്കു കോൺട്രാക്റ്റ് കൊടുപ്പിച്ചു എന്നുള്ളതാണ്. ആദ്യം, അച്ചുവേല ഇവിടെത്തന്നെയുള്ള അച്ചുവേലക്കാരെക്കൊണ്ട് നടത്തിക്കാമെന്നുള്ളതിനാൽ വിട്ടുകൊടുക്കുന്നതിടയിൽ അഭിപ്രായപ്പെട്ടു. തദനന്തരം എന്തു കാരണത്താലോ മദിരാശിക്കാർക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കുകയും, മുൻകാലത്ത് 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന വിളിവാക്കിനെ പ്രമാണമാക്കിയ കൊടിയെ ഉയർത്തിപ്പിടിച്ചു നടന്നിരുന്ന ഇദ്ദേഹം ഈ കോൺട്രാക്റ്റ് നിമിത്തം അനേകം സ്വദേശി വേലക്കാരെ വെറുതെ പുറമേ തള്ളി ക്ലേശിപ്പിക്കുകയും ചെയ്തത് തൻ്റെ ഭരണത്തിന് ഒരു മായാത്ത കളങ്കമായി ഭവിച്ചിട്ടുണ്ട്". (സർക്കാർ അച്ചുകൂടം - സ്വദേശാഭിമാനി 1082 കുംഭം 16 ) ഈ ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നു മാത്രമല്ല, ചീഫ് സെക്രട്ടറിയറ്റിൽ നിന്നു അപമാനവും സഹിക്കണ്ടി വന്നു. ജോലി നഷ്ടപ്പെട്ടവർ സംഘമായി ചെന്ന് മഹാരാജാവിനെ കണ്ട് നിവേദനം കൊടുത്തിരുന്നു. 

"തിരുവന്തപുരം സർക്കാർ അച്ചുകൂടത്തിൽ 'പീസ്വർക്ക്', കമ്പോസിറ്റർ പണി നടത്തിയിരുന്ന പത്തറുപത് ആളുകളോട് കഴിഞ്ഞ ബുധനാഴ്ച നാളിൽ ഗവൺമെന്‍റ് ചീഫ് സെക്രട്ടറി മിസ്റ്റർ വീയറ കാണിച്ച സ്വാധികാര പ്രമത്തത കിഴക്കേബങ്കാളെത്ത് പ്രഖ്യാതനായിത്തീർന്ന ഫുള്ളരുടെ അപതന്ത്രങ്ങളെ ഓർമിപ്പിക്കുന്നവയാണെന്നു പറയാതെയിരിക്കാൻ കഴിയില്ലല്ലോ. ഈ നാട്ടിലെ ഗവൺമെന്‍റിനും ജനങ്ങൾക്കും ദോഷാവഹമായ പ്രകാരത്തിൽ ഗവൺമെന്‍റ് വക കണ്ടെഴുത്തു ഫാറം അച്ചടിവേലകൾ മദിരാശിയിലെ ഒരു അച്ചുകൂടക്കമ്പനിക്കാർക്ക് ഉടമ്പടിയായി കൊടുത്തതിനെ സംബന്ധിച്ച് ഈ നാട്ടിലെ അറുപതിൽപരം വേലക്കാർ ഒന്നുചേർന്ന് ഗവർമെണ്ടിലേക്കും മഹാരാജാവ് തിരുമനസ്സിലേക്കും മറ്റും പലേ ഹർജികൾ കൊടുത്തതായി ഞങ്ങൾ കഴിഞ്ഞ കുറി പറഞ്ഞിരുന്നുവല്ലോ. ഈ സങ്കടത്തെപ്പറ്റി വീണ്ടും പരാതിഹർജി കൊടുപ്പാൻ കൂടിയിരുന്ന മേൽപ്പടി പണിക്കാരെ യാതൊരു ഗവൺമെന്‍റുദ്യോഗസ്‌ഥനും ഉചിതമോ മര്യാദയോ അല്ലാത്തവിധം മിസ്റ്റർ വീയറാ അധിക്ഷേപിക്കുകയും കോപാന്ധനായി ആട്ടിക്കളയുകയും ചെയ്തു എന്ന് അറിയുന്നതിൽ ഞങ്ങൾ അത്യന്തം ആശ്ചര്യപ്പെടുന്നു. മദിരാശി കമ്പനിക്കാർക്ക് അച്ചടിവേല കൊടുക്കുന്നതുകൊണ്ട് ഈ ഗവൺമെന്‍റിനു നഷ്ടമുണ്ടാകുന്നു എന്ന് ഗവൺമെന്‍റ് അറിഞ്ഞിരുന്നിട്ടും ഇവിടെയുള്ള വേലക്കാരെ മേല്പടി പണി ഏൽപ്പിക്കാതെ വീണ്ടും മദിരാശിക്കമ്പനിക്കാരെ തന്നെ ഏൽപ്പിക്കുന്നതിനെക്കുറിച്ച് മഹാരാജാവ് തിരുമനസ്സിലെ നാട്ടുകാരും സങ്കടം പറയാൻ മേൽപ്പടി വേലക്കാർ ഒന്നായിപ്പോയിരുന്നതിൽ സങ്കടഹർജിയെ ചീഫ് സെക്രട്ടറിയുടെ പക്കൽ കൊടുത്താൽ വേണ്ടുംവിധം തീരുമാനം ചെയ്യുന്നതാണെന്ന് തിരുമനസ്സിനെക്കൊണ്ട് കല്പിക്കുകയും അപ്രകാരം ചീഫ് സെക്രട്ടറിയെ ഏൽപ്പിക്കാൻ ആജ്ഞാപിക്കുകയും ചെയ്തതനുസരിച്ച് സങ്കടക്കാർ ചീഫ് സെക്രട്ടറിയെ കണ്ടപ്പോൾ സെക്രട്ടിറിക്ക് ഉണ്ടായ മനഃക്ഷോഭത്തിൻ്റെ പ്രതിബിംബങ്ങളാണ് താഴെ കാണിക്കുന്നത്. മഹാരാജാവ് തിരുമനസ്സിലെ അടുക്കൽ മേല്പടി സങ്കടക്കാരുടെ ഹർജി ഇപ്രകാരമാകുന്നു.-

"ഇന്നലെ വൈകുന്നേരം അടിയങ്ങൾ വെള്ളയമ്പലം കൊട്ടാരത്തിൽ കാത്തുനിന്നു സങ്കടം അറിയിച്ചതിലേക്കു ചീഫ് സെക്രട്ടറി അവർകളുടെ അടുക്കൽ ഹാജരായി വസ്തുത ബോധിപ്പിക്കാൻ തിരുമനസ്സ ൽ നിന്നും കല്പിക്കുകയും, തിരികെ എഴുന്നള്ളിയപ്പോൾ കാഴ്ചബംഗ്ലാവിൻ്റെ പടിഞ്ഞാറെ നടയിൽ വച്ച് തിരുമനസ്സിൽ നിന്നും കല്പിച്ച് സംജ്ഞ കാണിച്ചതനുസരിച്ച് അടിയങ്ങൾ സെക്രട്ടറി അവർകളുടെ നടയിൽ ഏഴു മണി വരെ കാത്തുനിന്നു വസ്തുത ബോധിപ്പിച്ചതിൽ, അടിയങ്ങളെ "കഴിവേറീൻ്റെ മക്കളെ", "ഇവിടെ വരാൻ ആരു കല്പിച്ചു", "കല്പന വീട്ടിൽ ആണോ?", "ഏതു കല്പന?", "കാൺസ്റ്റബിൾ എവിടെ അടിക്കാൻ?" എന്നും മറ്റും ശകാരിച്ചു അയച്ചതല്ലാതെ ഹർജി വാങ്ങിച്ചില്ല. ഞങ്ങളിൽ ഭൂരിപക്ഷവും സ്വദേശ നായന്മാർ മുതലായവർ ആണ്. രണ്ടു മാസത്തിൽ അധികം വേല ഇല്ലാതെ പട്ടിണി കിടന്നു കഷ്ടപ്പെടുന്നതിനു പുറമെ, അഗതികളായ അടിയങ്ങൾക്ക് ഇപ്പോൾ ഈ സെക്രട്ടറി അവർകളുടെ അസഭ്യവാക്കുകളും മര്യാദഹീനമായ പെരുമാറ്റവും സഹിക്കേണ്ടിവന്നതും, പൊന്നുതമ്പുരാൻ്റെ തിരുമനസ്സിലെ കൽപ്പനയെ അവിടുത്തെ ഒരു ദാസനും കേവലം സ്വന്തം ഗുണത്തെ ഇച്ഛിച്ചു മാത്രം ഗവൺമെൻ്റിനെ ആശ്രയിച്ചു കാലക്ഷേപം ചെയ്യുന്ന ആളുമായ ഈ സെക്രട്ടറി ( കൽപ്പനയെ ) ഉല്ലംഘിച്ചതും അടിയങ്ങളെ ആട്ടിപ്പായിച്ചതും ദുസ്സഹമായ സങ്കടമാണേ പൊന്നു തമ്പുരാനെ" 

"ഈ സംഭവത്തെക്കുറിച്ച് ഏറെ വിസ്തരിക്കണമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. മിസ്റ്റർ വിയറ സങ്കടക്കാരോട് കോപിച്ചു മേൽപ്പറഞ്ഞ ദുർഭാഷണങ്ങൾ ഉച്ചരിച്ചുവോ ഇല്ലെയോ എന്നു അന്വേഷിക്കേണ്ട വിശേഷാവശ്യമുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. അനേകം പേർ ഒന്നുചേർന്നു ഒപ്പിട്ട് മഹാരാജാവു തിരുമനസ്സിലെ അടുക്കൽ ഒരു അസംഭവത്തെ അറിയിച്ചു എന്നു ഞങ്ങൾ വിചാരിക്കുന്നില്ല. ഈ ധിക്കാര വചനങ്ങൾ മഹാരാജാവു തിരുമനസ്സിനെക്കുറിച്ച് ഈ ചീഫ് സെക്രട്ടറിക്ക് ഉള്ളതായി ഊഹിക്കാവുന്ന വണക്കമില്ലായ്മയും തിരുവിതാംകൂർ ഗവൺമെൻ്റു കാര്യങ്ങളിൽ ഈ ഉദ്യോഗസ്ഥൻ അഭിനയിച്ചുവരുന്ന സ്വേച്ഛാപ്രഭുത്വത്തെയും കാണിക്കുന്നവയാണെന്ന് ആർക്കും നിർണ്ണയിക്കാവുന്നതാകുന്നു. തിരുവിതാംകൂറിൽ ഉദ്യോഗസ്ഥന്മാർ പൊതുജന ദാസന്മാർ എന്ന നിലയെ മറന്ന് പൊതുജന സ്വാമിത്വത്തെ സ്വയമേ അപഹരിച്ചു ജനങ്ങളെ ചവുട്ടിത്തള്ളുന്നതായി വന്നത് ഭരണയന്ത്രത്തലവൻ്റെ പിടിപ്പില്ലായ്മയാലും ജനങ്ങളുടെ ക്ഷമാശീലത്താലും ആണെന്നല്ലാതെ മറ്റെന്താണ് പറവാനുള്ളത്? മുരടത്തവും അക്ഷമതയും ഉള്ള ഒരു ജനസംഘത്തോടായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ, മിസ്റ്റർ വിയറുടെ സ്ഥിതി എന്തായിത്തീരുമായിരുന്നു എന്നു ഞങ്ങൾ വിവരിക്കേണ്ടതില്ല. ചീഫ് സെക്രട്ടറിയുടെ ഈ അക്രമവും നിന്ദ്യവുമായ നടപടികളെപ്പറ്റി മഹാരാജാവു തിരുമനസ്സുകൊണ്ടു ഗൗനിക്കയും ഇത്തരം 'മുഷ്കരണ'ത്തെ ഈ നാട്ടിലെ ഉദ്യോഗസ്ഥന്മാരായി മേലിൽ സ്വീകരിക്കാതിരിക്കാൻ തക്കവണ്ണം ആജ്ഞ നൽകുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു."  

You May Also Like