പത്രഗ്രാഹകന്മാരുടെ കുലുക്കമില്ലായ്മ
- Published on May 15, 1907
- By Staff Reporter
- 1336 Views
അഞ്ചുകൊല്ലത്തിനു മേലായി, തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടുകൊണ്ടിരുന്ന 'മലബാർ മെയിൽ' പത്രത്തിൻെറ, കഴിഞ്ഞ ഏപ്രിൽ 27 ലെ ലക്കം പുറത്തായതിൻെറ ശേഷം, മേൽപ്പടി പത്രം വക ഓഫീസ് തൽക്കാലം പൂട്ടിയിട്ടിരിക്കുന്നതായി ഞങ്ങളറിയുന്നു. ഇത്രയുംകാലം, ഏറിയനാൾ പ്രത്യർദ്ധവാരമായും, കുറെ നാൾ പ്രതിവാരമായും നടത്തപ്പെട്ട ഈ പത്രത്തിന് ഇങ്ങനെ ഒരു മുടക്കം വന്നത്. പത്രഗ്രാഹകന്മാരുടെ, ഒരിക്കലും ഒരു പ്രകാരത്തിലും ക്ഷമിക്കപ്പെടത്തക്കമല്ലാത്ത, നിർദ്ദയത്വത്തിൻെറ ഫലമാണെന്ന്, അതിൻ്റെ പ്രവർത്തകർ മേൽപ്പടി ലക്കം പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അധമർണ്ണന്മാരായ വരിക്കാരുടെ പേരും വരിപ്പണത്തുകയും നോക്കിയാൽ മനസ്സിലാകുന്നതാണ്. പരദേശബ്രാഹ്മണരുടെ പ്രതിനിധി സ്ഥാനത്തെ മുഖ്യമായി വഹിച്ചിരുന്നതാണെങ്കിലും, തിരുവിതാംകൂർ രാജ്യകാര്യങ്ങളിൽ അഭിപ്രായകാര്യങ്ങൾ ഇന്നിന്നവയാണെന്ന് മറ്റ് കക്ഷികൾക്ക് കാണിച്ചുകൊടുക്കുന്നതിനും തന്മൂലം എതിർക്കപ്പെടേണ്ട വാദപദങ്ങൾ ഇന്നിന്നവയാണെന്ന് മനസ്സിലാക്കുന്നതിനും ധാരാളം പ്രയോജനപ്പെട്ടിരുന്നതായ ഈ പത്രംകൊണ്ട് പലേ ഉപകാരങ്ങളും ഒരുപ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കാതെ കഴിയുകയില്ല. ഈ അഞ്ചാറുകൊല്ലങ്ങൾക്കിടയിൽ പല വിഷമദശകളേയും കടന്നിട്ടുള്ള മേൽപ്പടി പത്രത്തിന്, വരിക്കാർ അവരവരുടെ കടമയെ ശരിയായി നിർവഹിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഈ ആപത്ത് സംഭവിക്കയില്ലായിരുന്നുവെന്നുള്ളത് നിശ്ചയം തന്നെ. എന്നാൽ, താൻ വാങ്ങുന്നതിന് വിലകൊടുക്കണമെന്നുള്ള ധർമ്മം തിരുവിതാംകൂറിലെ പത്രങ്ങളുടെ വരിക്കാരിൽ ഒരു അംശക്കാർക്ക് അറിഞ്ഞുകൂടാഞ്ഞിട്ടോ, ഗണ്യമല്ലാഞ്ഞിട്ടോ, “മലബാർ മെയിലി“ൻെറ അനുഭവം പല പത്രങ്ങൾക്കും ഏറെക്കുറെ ഉണ്ടായിട്ടുണ്ട്. "മലബാർ മെയിൽ" പത്രപ്രവർത്തകൻ പ്രസിദ്ധീകരിച്ചിരിക്കുന്ന കടക്കാരുടെ ലിസ്റ്റ് നോക്കിയാൽ, അതിനുള്ളിൽ തിരുവനന്തപുരം ഡിവിഷൻ ദിവാൻ പേഷ്ക്കാർ മിസ്റ്റർ നാഗമയ്യരും, അദ്ദേഹം അടയ്‌ക്കേണ്ട തുക 21 രൂപയും, അടുത്തുനിൽക്കുന്ന ആൾ എഡ്യൂക്കേഷണൽ സിക്രട്ടറി മിസ്റ്റർ. പി. അയ്യപ്പൻപിള്ളയും, അദ്ദേഹം അടയ്‌ക്കേണ്ട തുക അമ്പതു രൂപ 10 അണയും ആകുന്നു. ഒറ്റ അക്കത്തിൽ 1 തുടങ്ങി ഇരട്ട അക്കത്തിൽ 50 രൂപ വരെ കണക്ക് കടമായുള്ള വരിക്കാരിൽ, അധികവും പരദേശബ്രാഹ്മണരാണെന്ന് കാണുന്നുണ്ട്. കടക്കാരായ വരിക്കാരുടെ കൂട്ടത്തിൽ നായന്മാരും, ക്രിസ്ത്യാനികളും ധാരാളമുണ്ട്. വരിപ്പണം കൊടുക്കാത്ത കാരണത്തിന്മേൽ കടക്കാരായ വരിക്കാരുടെ പേരുകൾ പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം, സാധാരണമായി, പത്രങ്ങൾ ചെയ്യാറുള്ളതല്ലെങ്കിലും, പത്രങ്ങളുടെ മാന്യതയ്ക്കും സ്ഥിതിഗൗരവത്തിനും യോജിക്കുന്നതല്ലെങ്കിലും, പത്രപ്രവർത്തകന്മാരെ അത്രത്തോളം ക്ലേശിപ്പിക്കുന്ന വരിക്കാരുടെ അനുകമ്പമില്ലായ്മ തീരെ ക്ഷന്തവ്യമല്ലെന്ന് പറഞ്ഞേകഴിയു. പണമടക്കാത്ത വരിക്കാരുടെ രജിസ്റ്റർ നമ്പറും തുകയും കാണിച്ച് അല്പകാലം മുമ്പ് നിറുത്തലിലായ "കേരളപഞ്ചികയുടെ" പ്രവർത്തകൻ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നതായി ഞങ്ങൾ ഓർക്കുന്നതല്ലാതെ, തിരുവിതാംകൂറിലെ ഏതെങ്കിലും പത്രത്തിൻെറ പ്രവർത്തകന്മാർക്ക് "മലബാർ മെയിലി"നോളം കൂടിയ തുക വസൂലാക്കാൻ ഉണ്ടായിരുന്നതായും, അതിലേക്ക് വരിക്കാരുടെ പേരുകൾ കൂടെ പ്രസിദ്ധപ്പെടുത്തിയതായും ഞങ്ങളറിയുന്നില്ല. "മലബാർ മെയിലി"ൻെറ അധമർണ്ണന്മാർ, പത്രപ്രവർത്തകർ ബില്ല് അയയ്ക്കാഞ്ഞിട്ടാണ് കൊടുക്കാത്തിരുന്നത് എന്നിരുന്നാൽ, പ്രവർത്തകൻെറ ഇപ്പോഴത്തെ നടപടി തീരെ അനുചിതമായി എന്ന് പറയാമായിരുന്നു. എന്നാൽ ഈ ലിസ്റ്റിൽ പേര് കാണുന്നവർക്കെല്ലാം, പത്രപ്രവർത്തകൻ അനേകം തവണ ബില്ല് അയക്കയും വീണ്ടും വീണ്ടും കത്തുകളയക്കുകയും ചെയ്തിട്ടും, ഇതേവരെയായി കുടിശ്ശിക ഒടുക്കാതിരുന്നിട്ടാണ്, ഇപ്പോഴത്തെ നടപടി കൈക്കൊള്ളേണ്ടി വന്നതെന്ന് പ്രസ്താവിച്ചു കാണുന്നു. ഇങ്ങനെയുള്ള വിഷമാവസ്ഥയിലാക്കിയത് കഷ്ടമെന്നേ പറവാനുള്ളു. മലബാർ മെയിലിൻെറ അനുഭവം തിരുവിതാംകൂറിലെ പത്രപ്രവർത്തകന്മാർക്ക് ആവശ്യം ജ്ഞേയങ്ങളായ ചില പാഠങ്ങളും നൽകുന്നുണ്ട്. തിരുവിതാംകൂറിൽ, പത്രങ്ങൾ വായിക്കാൻ കൗതുകമുള്ള ആളുകളുടെ എണ്ണം പെരുതാണെങ്കിലും, മുൻകൂറായി പത്രവില അടയ്ക്കുന്നവർ ചുരുക്കമാകുന്നു. വരിപ്പണപിരിവുകാർ ആവശ്യപ്പെട്ടാലും പണം കൊടുക്കാൻ മനസ്സുള്ളവരും പറയത്തക്കവണ്ണം ഏറെ ഇല്ല. അന്യൻെറ മുതൽ തനിക്ക് കിട്ടണം എന്ന് മോഹിക്കുന്നത് അന്യായമല്ലായെന്ന്, കൈക്കൂലി വാങ്ങുന്ന ഏർപ്പാട്, ഈ നാട്ടിലെ ജനങ്ങളെ, വിശേഷിച്ചും ഉദ്യോഗസ്ഥന്മാരെ, പഠിപ്പിച്ചിരിക്കുമ്പോൾ, പത്രം നടത്തിപ്പുകാർക്ക് എത്രവില കൊടുക്കണമെന്നുള്ള നീതിനിഷ്ഠ ഒരു അപൂർവ്വവും ദുർല്ലഭവും ആയ വസ്തുവായി ഭവിക്കുന്നത് ആശ്ചര്യജനകമല്ലോ. ഒരുപ്രകാരം സുസ്ഥിരമായ നിലയെ പ്രാപിച്ച്, ആഴ്ചയിൽ മൂന്ന്‌വീതം നടന്ന് വരുന്നതും, കഴിവുള്ളിടത്തോളം ജാതിസ്പർദ്ധാസൂചകവും കക്ഷി മത്സരദ്യോതകവുമായ സമ്പ്രദായത്തെ സ്വീകരിച്ചിട്ടില്ലാത്തതുമായ "വെസ്റ്റേൺ സ്റ്റാറിൻെറ" സ്ഥിതിയെ ആലോചിക്കുമ്പോൾ, തിരുവിതാംകൂറിൽ കക്ഷിപ്പത്രങ്ങൾക്കും, തിരുവനന്തപുരത്ത് ഒന്നിലധികം ഇംഗ്ലീഷ് പത്രത്തിനും ഇടമുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. തിരുവിതാംകൂറിലെ നാട്ടുഭാഷാപത്രങ്ങളുടെ നടത്തിപ്പിനുള്ള അടിസ്ഥാനം സുരക്ഷിതമാണെന്ന് പറയുവാൻ തരമില്ലെങ്കിലും, അതിനെപ്പറ്റി വിസ്തരിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് വിചാരിക്കുന്നു. മലബാർ മെയിലിനെ പോലെ വരിക്കാരുടെ കുടിലതകൾകൊണ്ട് ക്ലേശിക്കുന്ന നാട്ടുഭാഷാപത്രങ്ങൾ ഒന്നിലധികമുണ്ടെന്ന് ഈ വക പത്രങ്ങളുടെ വാസ്തവാവസ്ഥ അന്വേഷിച്ചാലറിയാം. ഈ നാടിന് പുറമെയുള്ള പത്രങ്ങൾ, വരിക്കാരോട് ഇത്രമേൽ അയവോടുകൂടി വർത്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. വരിപ്പണം കിട്ടേണ്ടുന്ന കാര്യത്തിൽ മുറക്കുള്ള നടപടികൾ, നീതിന്യായ കോടതികൾ മുഖേന വേണമെങ്കിൽ കൂടിയും, നടത്തുവാൻ മടിക്കുന്ന പത്രപ്രവർത്തകന്മാർക്ക് ചേതം ഉണ്ടാകുമെന്നുള്ളതിന് പലേ ദൃഷ്ടാന്തങ്ങളുമുണ്ട്. പത്രം വാങ്ങി വായിക്കുകയും, ഏതാനും വത്സരം കഴിയുമ്പോൾ, വരിപ്പണം ആവശ്യപ്പെട്ടാൽ കൊടുക്കാതെ പത്രം തിരികെ അയയ്ക്കുകയും ചെയ്യുന്ന വരിക്കാർ ഒരു പത്രപ്രവർത്തകനും സഹായികളല്ല. ഈ സന്ദർഭത്തിൽ "സ്വദേശാഭിമാനി" യുടെ വരിക്കാരോട് മേൽപ്പറഞ്ഞ സംഗതികളെ പര്യാലോചിക്കണമെന്നും, ഇതേവരെ വരിപ്പണം അടച്ചിട്ടില്ലാത്ത പുള്ളികളുടെ പേരിൽ ഇതിൻെറ പ്രവർത്തകൻ മുറക്കുള്ള നീതിനടപടികൾ നടത്തുവാൻ നിർബന്ധിതനായിത്തീർന്നിരിക്കുന്നതിനാൽ അവർ പരിഭവിക്കരുതെന്നും, ഞങ്ങൾ അറിയിച്ചുകൊള്ളട്ടെ. ഇതിനെപ്പറ്റി ഇനിയൊരവസരത്തിൽ പറയാമെന്ന് വെച്ച് ചുരുക്കുകയും "മലബാർ മെയിലി" ൻെറ അധമർണ്ണന്മാരായ വരിക്കാർ, അവരവർ കൊടുക്കാനുള്ള തുകകൾ കൊടുത്ത് തിരുവിതാംകൂറിലെ പത്രഗ്രാഹക ഗണത്തിന് ദുഷ്‌പ്പേരുണ്ടാക്കാതിരിക്കുമെന്ന് വിശ്വസിക്കയും ചെയ്യുന്നു.
Unscrupulous subscribers
- Published on May 15, 1907
- 1336 Views
We know that the office of the 'Malabar Mail' newspaper, which was published from Thiruvananthapuram for more than five years, has been closed for the time being after the publication of the issue of the 27th of April. This newspaper, which was published for a very long time, first as a fortnightly and later as a weekly, has come to a very sad end. The fact that it is the result of the inexcusable ruthlessness of the newspaper subscribers can be understood by looking at the names and subscriptions of the unscrupulous subscribers published in the above issue by its staff. Although the newspaper mainly put forward the representative position of immigrant Brahmins, it also strived to show the opinions about matters in Travancore state affairs to opposite parties. It has to be agreed that it has pointed out that such arguments are to be opposed, and admit that many contributions have been made by this very useful newspaper, in one way or another. It is certain that this disaster would not have happened to the newspaper now, which has gone through many difficult situations during these five or six years, if the subscribers had done their duty properly. But a section of Travancore newspaper subscribers did not know or did not consider it their duty to pay for what they bought. Many newspapers have almost had similar experiences as that of "Malabar Mail." If we look at the list of debtors published by Malabar Mail staff, it can be seen that the Thiruvananthapuram Division Dewan Peshkar Mr. Nagama Iyer has to pay an amount of Rs.21/- and next in line, the educational secretary Mr. P. Ayyappan Pillai has to pay an amount of Rs.50/- and 10 annas. It is seen that most of the subscribers who have account loans ranging from Rs.1/- to 50/- are immigrant Brahmins. Among the creditor subscribers, there are many from the Nair and Christian communities. The practice of publishing the names of subscribers who become debtors on account of non-payment of subscriptions is not befitting the dignity and seriousness of newspapers and not usually done by them. It can be said that the unsympathetic nature of the subscribers, which makes journalists suffer so much, is not so excusable.
We remember the case of the now defunct "Kerala Panchika" where a staff member had published, some time ago, a list showing the register number and amount of non-paying subscribers. We do not know of any other Travancore newspaper that had as much outstanding collection as the "Malabar Mail" and published the names of its subscribers.. If the creditors of "Malabar Mail" had not paid the bill because the journalists had not sent it, it could have been said that the current action was very inappropriate. But, it is stated that the present action had to be taken as the arrears had not been cleared until now despite the fact that the journalists have billed and sent letters time and again to all those whose names appear in this list. To say the least, it is a shame to put the journalists in such a difficult situation.
The experience of the “Malabar Mail” also provides some much-needed lessons for journalists in Travancore. Though the number of people interested in reading newspapers in Travancore is high, those who pay the newspaper price in advance are few. Those who are willing to pay, even if the debt collectors demand it, are not much. When the people are taught that it is not unfair to desire to possess what belongs to others and the incidence of bribery in this country, especially those involving the officials, it is not surprising that fairness is such a rare commodity and not paying for a newspaper has become common. Considering the situation of "Western Star", which had once reached a steady state of publishing three times a week and has not adopted the system of caste and party competition as far as possible, we do not feel there is room for partisan newspapers in Travancore and more than one English newspaper in Trivandrum. Although the basis for the management of vernacular newspapers in Travancore cannot be said to be secure, we think that there is no need to discuss it now. Once you look into the state of these types of newspapers, you will know that there is more than one vernacular newspaper that is suffering from subscriber misdeeds like that of “Malabar Mail.” Newspapers outside this country do not seem to be so lenient with their subscribers. Steps to be taken in case of non-receipt of subscription money, even if it is through the courts of law, are often difficult for the journalists to carry out themselves. Subscribers who buy a newspaper and read it, and then after a few years, if demanded for the subscription amount, return it without paying are no help to any journalist. In this context, the subscribers of "Svadesabhimani" are reminded to consider the above matters, and we also inform them that they should not be alarmed, as the staff have been forced to take immediate legal action against those who have not paid their subscription till now. Having decided to tell you about this at another time, we believe that the defaulting subscribers of the "Malabar Mail" will not bring disrepute to the Travancore readers by not paying their dues.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.