1083 - ാം കൊല്ലത്തിലെ തിരുവിതാംകൂർ ഗവന്മേണ്ട് വക ബഡ്ജെറ്റിനെപ്പറ്റി
- Published on October 02, 1907
- By Staff Reporter
- 828 Views
മദ്രാസ് ഗവര്‍ന്മേണ്ടിന്‍റെ പരിശോധന
1086 - മാണ്ടത്തേക്ക് ഈ സംസ്ഥാനത്തിലെ വരവു ചിലവിന് ഗവര്‍ന്മേണ്ട് തയ്യാറാക്കി സമര്‍പ്പിച്ച അടങ്കല്‍ ക്കണക്കിനെക്കുറിച്ച്, മദ്രാസ് ഗവര്‍ന്മേണ്ടിന്, പരിശോധനയില്‍ തോന്നീട്ടുള്ള അഭിപ്രായങ്ങള്‍ ഈയിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവയില്‍ മുഖ്യമായ ചില അഭിപ്രായങ്ങളെ ചുവടെ സംഗ്രഹിച്ചു ചേര്‍ക്കുന്നു.
ദേവസ്വങ്ങളെപ്പറ്റി ഏതാനു കുറെ വിവരങ്ങള്‍ ഇക്കൊല്ലം പ്രസ്താവിച്ചിട്ടുണ്ട്. അവ അടങ്കലിനെ മാത്രമേ സൂചിപ്പിക്കുന്നുള്ളു. ആറാറുവത്സരത്തിലൊരിക്കല്‍ നടത്തുന്ന മുറജപം അടിയന്തിരത്തിന് ......... വാസ്തവത്തില്‍ ചെലവായ തുകകളെ കാണിച്ചിട്ടില്ലാ. മിസ്റ്റര്‍ രാമചന്ദ്രരായര്‍ ഇപ്പോള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ കൊണ്ട്, ദേവസ്വം സ്ഥാപനങ്ങള്‍ക്കായുള്ള ചെലവുകള്‍ക്കു ഒരു മുറയും രീതിയുംവന്ന് ഒതുക്കംഉണ്ടാവുമെന്ന് കരുതാവുന്നതാകുന്നു. ഇപ്പൊഴത്തെ സ്ഥിതിയില്‍, ഈവക ചെലവുകള്‍ നിശ്ചയമില്ലാതെയും, പരിശോധകന്മാരുടെ പിടിയില്‍ അകപ്പെടാതെയും കിടക്കുന്നു.
പബ്ലിക് പണിവകച്ചെലവു സംബന്ധിച്ച വിവരങ്ങള്‍ ഏറെക്കുറെ അപൂര്‍ണ്ണമായിരിക്കുന്നു. രാജ്യഭരണ റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കാറുള്ളതുപോലെ, റോട്ടുകള്‍, സഞ്ചാരമാര്‍ഗ്ഗങ്ങള്‍, കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, മുതലായവയെ സംബന്ധിച്ച് പൂര്‍ണ്ണവിവരങ്ങള്‍ വെവ്വേറെ കാണിക്കുന്നത് യുക്തമായിരിക്കും...... വരവു ചെലവു വിവരത്തിന്‍റെ സംക്ഷേപത്തിലൊ, വിസ്തരിച്ച കണക്കുകളിലോ ഋണങ്ങളെ കാണിച്ചിട്ടില്ലാ. ഇത് വളരെ ഗൌരവപ്പെട്ട ഉപേക്ഷയാകുന്നു.******* ഗവര്‍ന്മേണ്ട് സിക്യുരിട്ടീസ് എത്ര എന്ന് വകതിരിച്ചു കാണിച്ചിട്ടില്ലാ.
വരവുചെലവു കണക്കുകള്‍ക്ക് ക്രമവും രീതിയും വരുത്തുന്നതിന് ഗവര്‍ന്മേണ്ട് ഉദ്യമിച്ചിട്ടുണ്ട്. രാജ്യഭരണ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള വരവുചെലവു തുകകളോട് അടുപ്പിച്ചുതന്നെ വാസ്തവത്തില്‍ വരവുചെലവു വന്നിട്ടുള്ള തുകകളേയും കുറിക്കേണ്ടതാണ്. ഒരാണ്ടത്തെ അടങ്കല്‍ തുകകളെ അടുത്ത കൊല്ലത്തിലും ആവര്‍ത്തിച്ചു കാണിച്ചിരിക്കേണ്ടത് മുഖ്യാവശ്യമാകുന്നു.
1082-ലെ പുതുക്കിയ അടങ്കല്‍കണക്ക് - പുതുക്കിയ വരവിനങ്ങളുടെ ആകത്തുകകള്‍ നോക്കിയതില്‍ മുന്നടങ്കലില്‍ നിന്ന് 1,98,000- രൂപാ കുറവായും; പുതുക്കിയ ചെലവു കണക്ക് നോക്കിയതില്‍ 12,000 കൂടുതലായും കാണുന്നു. വരവില്‍ കുറവുവന്നത്, ഭൂനികുതി, ഉപ്പു, കലാല്‍, ചുങ്കം, വനം എന്നീ ഇനങ്ങളിലാണ് : മുദ്ര(സ്റ്റാമ്പു) വിദ്യാഭ്യാസം എന്നീ ഇനങ്ങളില്‍, വരവുകൂടിയിരിക്കുന്നു. ചെലവില്‍ കൂടുതല്‍ വന്നത്, കലാല്‍, കൊട്ടാരം അടുത്തൂണ്‍, പലവക, കൃഷിമരാമത്ത് എന്നിവയിലെ ചെലവു കൂടുതല്‍കൊണ്ടും, ഭൂനികുതി, വനം, സ്റ്റേഷനറി, അച്ചടി, വിദ്യാഭ്യാസം, ദേവസ്വം, ഊട്ടുപുര, പബ്ലിക് പണിവക എന്നിവയിലെ കുറവുകൊണ്ടും ഉള്ള മൊത്തമായ കൂടുതലിനാണ്. 1082-ലെ ബഡ്ജെറ്റ് പ്രകാരം, ആ ആണ്ടറുതിയില്‍ 7-ലക്ഷത്തി10,000 രൂപ മുതല്‍ കുറവുണ്ടായിരിക്കുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുതുക്കിയ അടങ്കല്‍പ്രകാരം, മുതല്‍ക്കുറവ് 9- ലക്ഷത്തില്‍ 10,000 രൂപ ആയിരിക്കുന്നതാണ്.