സർവേ സ്കൂൾ

  • Published on July 31, 1907
  • By Staff Reporter
  • 548 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇവിടെ പാങ്ങോട്ടു സ്ഥാപിച്ചിരിക്കുന്ന ഈ സ്ക്കൂളിനെ അടുത്ത കൊല്ലം മുതല്‍ നിറുത്തല്‍ ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. ഇതില്‍ പഠിച്ച് വാദ്ധ്യാന്മാരെ വല്ലവിധേനയും സ്വാധീനമാക്കി ഹെഡ്ക്വാര്‍ട്ടര്‍ ആപ്പീസില്‍ചെന്ന് ഒരു പരീക്ഷയും കഴിഞ്ഞ് സര്‍ട്ടിഫിക്കെറ്റുകളും കൈക്കലാക്കി കൊണ്ടുപോകുന്ന ആളുകളില്‍ കാര്യത്തിനു കൊള്ളാവുന്നവര്‍ ചുരുക്കം പേരേയുള്ളുവെന്നു ജനങ്ങളുടെ ഇടയില്‍ പരക്കേ ഒരു ബോദ്ധ്യം വീണിട്ടുള്ളത് യഥാര്‍ത്ഥവും അനുഭവത്താല്‍ അറിയാമെന്നുള്ളതുമാണത്രേ. ഇനിമേല്‍, അതാതുസ്ഥലങ്ങളില്‍ പഠിപ്പിക്കുന്നതെങ്കിലും ചൊവ്വേ നടത്താൻ ഡിവിഷന്‍ പേഷ്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.

സർവേ ജീവനക്കാരുടെ..........

പരിഷ്കാരപ്രകാരം വരുന്ന കന്നിമാസം ആദ്യം മുതൽ കുറയ്ക്കാൻ നിശ്ചയിക്കപ്പെട്ട ജീവനക്കാര്‍ എല്ലാവരും ഒന്നുചേര്‍ന്ന്, ഒരു ഹര്‍ജി എഴുതി ഉണ്ടാക്കി, അച്ചടിപ്പിച്ച് സര്‍വ്വേ സൂപ്രണ്ടിന്‍റെ അടുക്കലും, ദിവാന്‍ജിയുടെ സമക്ഷത്തും സമര്‍പ്പിച്ചു. ഹര്‍ജിയില്‍ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍, അവര്‍ ദിവസംപ്രതി ഒമ്പതര മണിമുതല്‍ അഞ്ചരമണിവരെ - മറ്റുള്ള സര്‍ക്കാരാഫീസ്സുകളില്‍ ജോലിനോക്കേണ്ടതില്‍ കൂടുതല്‍ സമയം ജോലിനോക്കിവരുന്നുവെന്നും, ജോലിയുടെ സ്വഭാവം കഠിനവും നയനസൂക്ഷ്മതയെ ബാധിക്കുന്നതുമാണെന്നും, ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള വേലയുടെ കണക്ക് ബ്രിട്ടീഷ് സര്‍വേ ആഫീസ്സുകളിലേക്കാള്‍ കൂടുതലും ഗവര്‍മ്മെന്‍റിനു ആദായകരമാണെന്നും, ഉയര്‍ന്ന ശമ്പളക്കാരും താണ ശമ്പളക്കാരും ഒരുപോലെ ഒരേകണക്കും ചുമതലയുമനുസരിച്ചാണ് ജോലി നോക്കിവരുന്നതെന്നും, ഈ കാരണങ്ങളാല്‍ സര്‍വ്വീസ്സില്‍ അല്പസ്വല്പം വല്ല കുറവുംഉണ്ടായിരുന്നാല്‍ തന്നേയും അതിനെ ഗണ്യമാക്കാതെ, മിസ്തര്‍ വീ. പി. മാധവറാവുവിന്‍റെ കാലത്തു നടത്തപ്പെട്ട ഹജൂര്‍പരിഷ്കാരത്തില്‍ ഗവര്‍മ്മെന്‍റില്‍നിന്നും ഒരു പ്രത്യേക സംഗതിയാണെന്ന് ദയവായി ആലോചിച്ച് അതില്‍ കുറയ്ക്കപ്പെട്ട സ്വല്പശമ്പളക്കാരായ ജീവനക്കാര്‍ക്കു പിശുക്കുകൂടാതെ പെന്‍ഷന്‍ അനുവദിച്ചതുപോലെ, ഇവരുടെ കാര്യത്തേപ്പറ്റിയും ഗൌനിക്കേണ്ടതാണെന്നും മറ്റുമാണെന്നു കേള്‍ക്കുന്നു. ഈ ഹര്‍ജിയെ ദിവാന്‍ ഫിനാന്‍ഷ്യല്‍ സിക്രട്ടേരിയുടെ അഭിപ്രായത്തിന്നായി അയച്ചിരിക്കുന്നതായറിയുന്നു.


You May Also Like