നാരിനിമിത്തമുണ്ടായ ഭയങ്കരമായ അക്രമം
- Published on July 31, 1907
- By Staff Reporter
- 696 Views
ഈ പട്ടണത്തിന്‍റെ തെക്കുകിഴക്കേകോണില്‍ ശിവക്ഷേത്രത്താല്‍ പ്രസിദ്ധമായ ഒരു സ്ഥലത്ത് താമസിക്കുന്ന ഒരു കോയിലമ്മയുടെ ഗൃഹത്തില്‍ ഒരു തമ്പുരാന്‍റെ ബലാല്‍ക്കാരമായ പ്രവേശം, അഥവാ എഴുന്നെള്ളത്തുനിമിത്തം കഴിഞ്ഞ ആഴ്ചവട്ടത്തില്‍ മൂന്നു നാലുദിവസം തുടരെത്തുടരെ ഉണ്ടായ കശപിശയും ലഹളയും പ്രസ്താവയോഗ്യമാണ്. കഴിഞ്ഞ തിങ്കളാഴ്ച പാതിരാത്രിയില്‍ നമ്മുടെ കഥാപുരുഷനും, ഒരു തിരുമുല്‍പാടുമായി, കോയിലമ്മയുടെ മനയ്ക്കകത്ത് ബലാല്‍കാരമായികടന്ന്, കതകുചവിട്ടിയപ്പോള്‍, മുറിയിലെ കതകു ബന്ധിച്ചു അതിനകത്തു കിടന്നിരുന്ന സ്ത്രീകള്‍ കതകുതുറക്കാതെ നിലവിളി കൂട്ടിയതില്‍, ലഹളക്കാര്‍ സമീപസ്ഥന്മാര്‍ വല്ലവരും വന്നുകൂടുമെന്നു ഭയപ്പെട്ടു, "നാളെ രാത്രി നോക്കിക്കൊള്ളാം" എന്നുപറഞ്ഞ് ഓടിക്കളഞ്ഞു. പിറ്റേന്നാള്‍രാത്രി, സ്വഗൃഹത്തില്‍ പുരുഷന്മാരില്ലാത്ത മേല്പടി വീട്ടുകാര്‍ മദ്യപാനികളും ആഭാസന്മാരുമായ ചില ചട്ടമ്പിമാരെ തങ്ങളുടെ രക്ഷയ്ക്കും സഹായത്തിനും വേണ്ടി ശട്ടംകെട്ടി നിറുത്തീട്ടുണ്ടായിരുന്നു. മണിപന്ത്രണ്ടായപ്പോള്‍, നമ്മുടെ കഥാനായകന്‍ പത്തിരുപത് അനുചരന്മാരുമായി വന്നുചേര്‍ന്നു. അവരുടെ കൂട്ടത്തില്‍ ഒരു ചട്ടമ്പിയും, അയാളുടെ സ്നേഹിതനായ ഒരു ഹെഡ് കാണ്‍സ്റ്റബിളും ഉണ്ടായിരുന്നു. കക്ഷിപ്രതികക്ഷികള്‍ തമ്മില്‍ ഒരു ചെറിയ കലശല്‍ ഉണ്ടായപ്പോള്‍, ലഹളയ്ക്കു ഒരുമ്പെട്ടു വന്നിരുന്ന കക്ഷി മണ്ടിത്തുടങ്ങി. അവരുടെ നായകന്‍റെ ഒരു വടിയും, റാമ്പേഴ് സ് പേനാക്കത്തിയും തോര്‍ത്തും വീട്ടുകാര്‍ക്കുവേണ്ടി മല്ലിട്ടുനിന്ന ചട്ടമ്പിമാര്‍ പിടിച്ചുവാങ്ങി. ഇതുകണ്ടു, ചിലര്‍ ഓടിവന്ന് നല്ലവാക്കുപറഞ്ഞു തുടങ്ങി. ഇത്രയുമായപ്പോള്‍ നേരം വെളിച്ചമായിപോയി. കലശലില്‍ വസ്ത്രങ്ങള്‍ മുഷിഞ്ഞുപോകയാല്‍ പകല്‍ ഒളിച്ചുപാര്‍ത്തിട്ട്, വൈകുന്നേരം സ്വഗൃഹത്തിലേക്കു മടങ്ങിപോയി. അന്നുരാത്രി ലഹളയ്ക്കു ചെന്നില്ലാ. എതിര്‍ത്തുനിന്ന ചട്ടമ്പിമാര്‍ 10-ാനു-രാവിലെ കഥാപുരുഷനെ ചെന്നുകണ്ടു സമാധാനപ്പെടുത്തുകയും, അവിടത്തെ മനോരഥം സാധിച്ചു കൊടുക്കാമെന്നു ഉറപ്പു ചെയ്കയും ചെയ്തു. അന്നു രാത്രി അദ്ദേഹം ഒരു ജഡ്ക്കായില്‍ കയറിചെന്നു. മുമ്പു തനിക്കു പരിചയമുള്ളവളായിരുന്ന്, ഒടുവിൽ സമാധാനപ്പെട്ടു കാര്യനിവൃത്തിവരുത്തികൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. ചട്ടമ്പിമാർക്കു പലതും സമ്മാനിച്ചു തന്റെ കാര്യം നേടിയതായി അറിയുന്നു. ഈ മാതിരി അക്രമങ്ങൾ ഇപ്പോഴും ഇങ്ങിനത്തെ ആളുകൾ നടത്തിത്തുടങ്ങിയാൽ എന്താണു ചെയ്യുക.