സ്വദേശവാർത്ത
- Published on January 22, 1908
- By Staff Reporter
- 566 Views
തിരുവിതാംകൂര്‍.
കണ്‍സര്‍വേറ്റര്‍ മിസ്തര്‍ ബോര്‍ഡിലിനു പ്രതിമാസം 430 രൂപാ പെന്‍ഷന്‍ അനുവദിച്ചിരിയ്ക്കുന്നു.
അഗസ്തീശ്വരം ഡിപ്യൂട്ടി തഹശീല്‍ദാരായി സമ്പ്രതി ശോണാചലംപിള്ളയെ നിയമിച്ചിരിയ്ക്കുന്നു.
നാഗരുകോവില്‍ സെഷ്യന്‍ജഡീജി മിസ്തര്‍ ചെറിയാന് 15 ദിവസത്തെ അവധി അനുവദിച്ചിരിയ്ക്കുന്നു.
നായര്‍പട്ടാളം ആഫീസിലും സ്റ്റോറിലും ഉള്ള ജീവനക്കാര്‍ക്ക് ശമ്പളക്കൂടുതല്‍ അനുവദിച്ചിരിയ്ക്കുന്നു.
തിരുവനന്തപുരം ഗറത്സ് കാളേജിലെ ഉപയോഗത്തിനായി 60 രൂപായ്ക്കു രണ്ടു വീണ വാങ്ങുന്നതിന് ഗവര്‍ന്മെന്‍റ് അനുവദിച്ചിരിയ്ക്കുന്നു.
ദിവാന്‍ പേഷ്കാര്‍ മിസ്റ്റര്‍ വി. നാഗമയ്യാവിനു ശമ്പളത്തില്‍ പകുതി പെന്‍ഷന്‍ കൊടുക്കുന്നതിന് ഗവര്‍ന്മേന്‍റ് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.
ഈയാണ്ടില്‍ (1908ല്‍) തിരുവിതാങ്കൂര്‍ ഗവര്‍ന്മേണ്ടിന് മഞ്ഞുക്കട്ടി (Ice) യ്ക്കായി 5000 രൂപാ ചെലവുവരുമെന്ന് കണക്കാക്കിയിരിയ്ക്കുന്നതായി അറിയുന്നു.
തിരുവിതാങ്കൂര്‍ ഗവണ്മെന്‍റുവക 1908-ലെ പുസ്തകപ്പഞ്ചാംഗത്തിന്‍റെ ഒരു പ്രതി ഹജൂര്‍ക്കച്ചേരിയില്‍നിന്നും അയച്ചുതരപ്പെടുകയും, ഞങ്ങള്‍ അതിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കയുംചെയ്തിരിക്കുന്നു.
തിരുവനന്തപുരം ഹെഡ് അഞ്ചലാപ്പീസിലെ ശിപായിമാരുടെ ശമ്പളം ഇന്നു (മകരം 9)വരെ കിട്ടീട്ടില്ലെന്നും, ബില്ലിന്‍റെ കാര്യത്തില്‍ ഗൌനംപോലുമില്ലെന്നും ഒരു പരാതി കിട്ടിയിരിയ്ക്കുന്നു.
ആലപ്പുഴെ ജഡ്ജിയായിരുന്ന മിസ്തര്‍ രാമസുബ്ബയ്യര്‍, ജഡ്ജി മിസ്തര്‍ കൃഷ്ണപിള്ളയ്ക്ക് കൊടുത്തപോലെ, ഒന്നു പാതിശമ്പളം അടുത്തൂണ്‍ തനിക്കും കിട്ടണമെന്ന് ഗവര്‍ന്മേന്‍റിനോട് അപേക്ഷിച്ചിരിക്കുന്നു.
അസിസ്റ്റന്‍റു കണ്‍സര്‍വേററര്‍ ആഫീസിലുള്ള ഒരു രായസം അയ്യരുടെ ഉപയോഗത്തിനായി അദ്ദേഹവും, സ്റ്റേഷനാപ്സരായ അനുജനുംകൂടി മൂന്നുനാലുവണ്ടി തടികള്‍ പ്രമാണംകൂടാതെ കാട്ടാക്കടറോഡ് മാര്‍ഗ്ഗം കൊണ്ടുപോകുംവഴി അവിടത്തെ വാച്ചറാല്‍ കണ്ടു പിടിക്കപ്പെട്ടിരിയ്ക്കുന്നു. ഇപ്പോള്‍ ഈ കേസ്സിനെ ഇല്ലാതാക്കുവാന്‍ ഫാറസ്റ്റ് ഡിപ്പാര്‍ട്ടുമെന്‍റുകാരില്‍ ചിലര്‍തന്നെ ശ്രമിയ്ക്കുന്നു എന്ന് അറിയുന്നു.
(ഒരു ലേഖകന്‍)