കേരളവാർത്ത - തിരുവിതാംകൂർ

  • Published on June 17, 1908
  • By Staff Reporter
  • 462 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മിസ്തര്‍ വി. നാഗമയ്യാ, ബി. ഏ. മദിരാശിക്കു പോയിരിക്കുന്നു.

 കഴിഞ്ഞ വക്കീല്‍ പരീക്ഷയില്‍ 40 - പേര്‍ ചേര്‍ന്നിരുന്നവരില്‍ 19-പേര്‍ ജയിച്ചിരിക്കുന്നു.

 പാങ്ങോട്ടു നായര്‍ പട്ടാളത്തിലെക്ക്, പുത്തനായി ഇരുനൂറില്‍പരം ആളുകളെ ചേര്‍ത്തിരിക്കുന്നു.

 ബ്രിട്ടീഷ് റെസിഡണ്ട് മിസ്തര്‍ ലയണല്‍ ഡേവിഡ്‍സണ്‍, കൊച്ചിയിലേക്കു പോയിരിക്കുന്നു.

  നെടുമങ്ങാടു തഹശീല്‍ദാര്‍ മിസ്തര്‍ ശേഷയ്യങ്കാര്‍, 4- ആഴ്ചവട്ടത്തെ ഒഴിവിനു അപേക്ഷിച്ചിരിക്കുന്നു.

 എക്സൈസ് അസിസ്റ്റന്‍റു കമിഷണര്‍ മിസ്തര്‍ പത്മനാഭരായര്‍ക്കു 12 ദിവസത്തെ ഒഴിവു നല്‍കിയിരിക്കുന്നു.

 അസിസ്റ്റന്‍റ് ബ്രിട്ടീഷ് റെസിഡണ്ട് അഞ്ചുതെങ്ങ്, തങ്കച്ചേരി എന്നിവിടങ്ങളിലേക്ക് സര്‍ക്കീട്ടു പോയിരിക്കുന്നു.

 മരുമക്കത്തായം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ ഗവര്‍ന്മേണ്ടിലെക്ക് സമര്‍പ്പിക്കപ്പെടുമെന്നറിയുന്നു.

 ചാലക്കമ്പോളലഹളസംബന്ധിച്ച്, ഇനിയും 6 - പേരെക്കൂടെ പ്രതികളായി പിടിപ്പാന്‍, ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വാറണ്ട് നല്‍കിയിരിക്കുന്നു.

 രാജകീയഇംഗ്ലീഷ് കാളേജിലേക്കു ഇംഗ്ലീഷ് ട്യൂട്ടരായി പി. ജി. സഹസ്രനാമയ്യര്‍ എന്ന ആളെ 100 രൂപ - മാസശമ്പളത്തില്‍ നിയമിച്ചിരിക്കുന്നു.

 രാജകീയ ഇംഗ്ലീഷ് കാളേജ് മലയാള മുന്‍ഷി മിസ്തര്‍ പി. കേ നാരായണപിള്ള, ബി - ഏ., ബി-എല്‍, സര്‍ക്കാരുദ്യോഗം ഒഴിവാന്‍ രാജിഹര്‍ജി കൊടുത്തിരിക്കുന്നു.

 മരുമക്കത്തായം കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്കു ഉത്തരം കൊടുക്കുവാനായി, തിരുവനന്തപുരം നഗരത്തില്‍ പാര്‍ക്കുന്ന നായര്‍ സ്ത്രീകളില്‍ പത്തിരുപതുപേരോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇവരുടെ മൊഴികള്‍ വാങ്ങുന്നത് ജൂബിലിടൊണ്‍ഹാളിലോ അവരവര്‍ നിശ്ചയിക്കുന്ന വീടുകളിലോ കമ്മിറ്റിക്കാര്‍ യോഗം ചേര്‍ന്നിട്ടായിരിക്കും.

You May Also Like