വിദേശവാർത്തകൾ

  • Published on May 16, 1908
  • By Staff Reporter
  • 361 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ബറോഡായിലെ ഗയിക്കുവാര്‍ ഈമാസത്തില്‍ സിമ് ലായിലേക്ക് പോകുന്നതാണ്.

 ഇക്കഴിഞ്ഞ മേ 10- നു- രാത്രി, കല്‍ക്കത്തയില്‍ ഒരു ഭയങ്കരമായ കൊടുങ്കാററുണ്ടായി.

മാര്‍ലി പ്രഭുവിനെ മാഞ്ചേസ്റ്റര്‍ സര്‍വകലാശാലയിലേ അധ്യക്ഷനായി സ്വീകരിച്ചിരിക്കുന്നു.

 ക്യൂബായില്‍ ഉണ്ടായ കഠിനവേനല്‍ നിമിത്തം ഇയ്യാണ്ടു അവിടത്തെ പ്രസിദ്ധവ്യാപാരികള്‍ക്കു 5,00,000 പവന്‍ ***********കൊടുത്തിരിക്കുന്നു.

 കടപ്പാ ഡിസ്ട്രിക്‍ടിനടുത്തുള്ള പുഷ്‍പഗിരിമലയിലെ ക്ഷേത്രങ്ങളെ പുരാണവസ്തു സംരക്ഷകനിയമത്തിലെ മൂന്നാം വകുപ്പില്‍ ഉള്‍പ്പെട്ട ക്ഷേത്രങ്ങളായി ഗണിച്ചിരിക്കുന്നു.

 ഈ ഏപ്രില്‍ മാസത്തില്‍ ഗ്രേറ്റ് ബ്രിട്ടനിലേക്കുള്ള ഇറക്കുമതിക്കു വിലയില്‍ കുറവു 96,88793 പവനും ഏററുമതിയില്‍ കുറവ് 37,12,528 പവനും ആണെന്നു കണ്ടിരിക്കുന്നു.

 സന്മാര്‍ഗ്ഗവിരുദ്ധങ്ങളായ പ്രവൃത്തികള്‍ നടത്തീട്ടില്ലെന്നു ജര്‍മ്മനിയിലെ ഫിലിപ്പ് എന്ന ഇളമുറരാജാവ് ഒരു കേസില്‍ കളവായി തെളിവ് കൊടുക്കുകയാല്‍, അദ്ദേഹത്തെ ബന്ധനസ്ഥനാക്കിയിരിക്കുന്നു.

 വിക്ടോറിയമഹാരാജ്ഞിയുടെ എഴുത്തുകള്‍ക്ക് ജാണ്‍മറെ എന്ന പുസ്തക പ്രസിദ്ധീകര്‍ത്താവ് നിശ്ചയിച്ചിട്ടുള്ളവില ബലാല്‍ അപഹരണമെന്നു "ടൈംസ്,, പത്രം പ്രസ്താവിക്കുകയാല്‍, 6500പവന്‍ മറേക്കു നഷ്ടംകൊടുക്കേണ്ടതായി വിധിച്ചിരിക്കുന്നു.

 ബംബയില്‍ പ്രസിദ്ധ വ്യാപാരികളായ മാരിട്ടൈയിംസ്, പെന്നിങ്, എന്ന ഈ കമ്പനിക്കാര്‍ ഉപയോഗിച്ചുവന്ന വലുതായ കെട്ടിടങ്ങളുടെ മദ്ധ്യേയുള്ള ഒരു കല്ലുകൊണ്ടുള്ള കോവേണി വീഴുക നിമിത്തം, മേല്‍പറഞ്ഞ കമ്പനിക്കാരുടെ കെട്ടിടങ്ങളുടെ ചുമരുകള്‍ മേമാസം 8നു- പകല്‍ ഉച്ച സമയത്തു ഇടിയുകയും, അതിയായ നഷ്ടം സംഭവിക്കയും ചെയ്തിരിക്കുന്നു.

 കൊളമ്പില്‍ വയററുകടിമൂലം കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ അനേകംപേര്‍ മരിച്ചുപോയി. ഇതിനുകാരണം ഒരുവക ജലകീടങ്ങള്‍ ശലഭങ്ങളായി പുറപ്പെടുന്ന സമയം അവയുടെ മുഖത്തും ഒരു കാലിലും 100,000 കീടങ്ങളുടെ ബീജങ്ങൾ വഹിക്കുന്നു എന്നും, ഈ വസ്തുക്കളാണ് ഈവ്യാധിക്കു ഹേതുക്കളായതും. ഭൂതകണ്ണാടിയാല്‍ ***** കാണപ്പെടുന്നു എന്നും ഡാക്ടര്‍ എച്ച് എച്ച്- റിഡില്‍, എം. ബി, അഭിപ്രായപ്പെടുന്നു.

 പേപ്പട്ടികളോ പേപിടിച്ച മററു ജന്തുക്കളൊ കടിച്ച മനുഷ്യര്‍ (ജല സംത്രാസം) പേപിടിച്ചു മരിക്കാതെയിരിക്കുന്നതിനു തക്കതായ ഔഷധിയും ആ വ്യാധിയെപ്പററി ഒരു വിവരണവും പ്രസ്താവിച്ച്. മേജര്‍. ജീ. ലാനിബ് എന്ന ഇന്ത്യയിലെ പാസ്ച്ചര്‍ സ്ഥാപനത്തിലെ ഡയറക്‍ടര്‍ ഒരുലഘുപുസ്തകം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. യൂറോപ്പുരാജ്യങ്ങളില്‍വച്ച് ഈ വ്യാധി അധികമുള്ള പ്രാന്‍സു രാജ്യത്തിലെക്കാളും ഇന്ത്യായില്‍ പേപ്പട്ടികടിച്ചുള്ള മരണം അധികമാണെന്നുകാണുന്നു.

 ബംഗാളത്തുണ്ടായ ഉപജാപത്തിന്‍റെ പ്രവൃത്തികളെ കണ്ടറിയുന്നതിന് ഇടയായതു ഒരു ബംഗാളിപോലീസുകാരന്‍റെ ഗൂഢാന്വേഷണത്താലാണ്. ഇയ്യാള്‍ ആ ഉപജാപകന്മാരോടു ഒന്നുചേര്‍ന്നു ഗവര്‍ന്മേണ്ടിനു വിപരീതമായി വളരെ നേരം സംഭാഷണം കഴിച്ചതിനെക്കണ്ടു അവര്‍ അയാളെ അനുകൂലകക്ഷിയായി സ്വീകരിച്ചു അഗ്ന്യസ്ത്രങ്ങള്‍ (ബാംബ്‍സ്) ഉണ്ടാക്കുന്നസ്ഥലത്തു കൊണ്ടുചെന്നു എന്നും, ആയാള്‍ ഉടന്‍ തന്നെഅവരോടു ഒന്നുചേര്‍ന്നു ആ അസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍ സഹായിച്ചുഎന്നും, ഇയ്യാള്‍ മുന്നറിവുകൊടുക്കുകയാലാണ് മിസ്റ്റര്‍ കിങ്സ്ഫർഡ് രക്ഷപ്പെട്ടത് എന്നും, ഇംഗ്ലീഷ് മാന്‍ എന്നപത്രം പ്രസ്താവിക്കുന്നു.


You May Also Like