കേരളവാർത്ത - തെക്കൻകത്ത്

  • Published on December 26, 1906
  • By Staff Reporter
  • 569 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

(സ്വന്തലേഖകന്‍)

ധനു. 7.

                                                               ഗൌനിക്കണം

 കാട്ടാത്തുറ ഊട്ടിലെ അഴിമതിയെക്കുറിച്ചു പല പത്രങ്ങളും ധനാശിവരെപാടികഴിഞ്ഞിട്ടും അധികൃതന്മാര്‍ അതിന്‍റെ യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടില്ല. മുഖ്യമായ ഈ ധര്‍മ്മസ്ഥാപനത്തില്‍ തഹശീല്‍ മിസ്റ്റര്‍ രാമന്‍ തമ്പിയുടെ ശ്രദ്ധ പതിഞ്ഞു കണ്ടാല്‍ കൊള്ളാം.

മോഷണം

 കല്‍ക്കുളത്ത് രാമസ്വാമി കോവിലില്‍ നിന്നും കുറെഅരിയും ശര്‍ക്കരയുംഅവിടത്തെ ശാന്തിക്കാരന്‍ മോഷണം ചെയ്തതിലേക്കുതഹശീല്‍ദാര്‍ സ്ഥലത്തുചെന്നു മഹസര്‍ തയ്യാറാക്കി പോറ്റിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇങ്ങനെയുള്ള ദേവസ്വ മൂഷികന്മാരെകൊണ്ടുനാട്ടിനു എങ്ങനെ ഗുണമുണ്ടാവും.

ശരിവച്ചു

 പത്മനാഭപുരത്തുള്ള ഒരു പിടാകയിലെ പ്രമാണി പാവപ്പെട്ട ഒരു സ്ത്രീയെയും അവളുടെ കുഞ്ഞിനെയും അടികലശല്‍ ചെയ്തതിലേയ്ക്ക് 1-ാംക്ലാസ് മജിസ്ട്രേട്ടു മിസ്റ്റര്‍ രംഗനാഥയ്യര്‍ സത്യമറിഞ്ഞു 30 രൂപാ പിഴവിധിച്ചിരുന്നത് സെഷ്യന്‍ കോര്‍ട്ടിലും ശരിവച്ചിരിക്കുന്നു. ഇത് അക്രമികള്‍ക്കു ഒരു പാഠമായിരിക്കട്ടെ.

പ്രയോജനമെന്ത്

 ഒരു താണതരം പട്ടര്‍ ഉദ്യോഗസ്ഥന്‍ കാര്യം പറയുന്ന ചില പത്രങ്ങളെ ആക്ഷേപിക്കുന്ന പ്രകാരവും തനിക്കു രുചിക്കാത്ത ചില ലേഖനങ്ങളെ എതൃത്തു ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതികളയാമെന്നു പലരോടും ഭള്ളു പറയുന്നതായും തന്നിവൃത്തിക്കായി ചില മലയാളപത്രങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അറിയുന്നു. ഈയാളുടെ കഥയില്ലാത്ത ആര്‍ഭാടം കൊണ്ടുള്ള പ്രയോജനമെന്ത്.

സ്ഥലംമാറ്റം

  കല്‍ക്കുളം പോലീസ്സിന്‍സ്പെക്റ്റര്‍ മിസ്റ്റര്‍ നാരായണസ്വാമി നായിഡുവിനെ ചെങ്കോട്ടയിലേക്കു സ്ഥലം മാറ്റി ആര്‍ഡര്‍ പുറപ്പെട്ടിരിക്കുന്നു. ഈ ഇന്‍സ്പെക്റ്റരുടെ ഭരണം കഴിഞ്ഞെടത്തോളം ഒരു വിധം നന്നായിരുന്നുവെന്നു സമ്മതിക്കാം.

You May Also Like