വാർത്ത
- Published on April 06, 1910
- By Staff Reporter
- 766 Views
ഉദ്യോഗത്തില്‍ നിന്നും താമസിയാതെ പിരിയുവാന്‍ നിശ്ചയിച്ചിരിക്കുന്ന വൈസ്രായി മിന്‍റോ പ്രഭുവിന്‍റെ സ്മാരകമായി എന്താണേര്‍പ്പെടുത്തേണ്ടതെന്ന് ആലോചിക്കുവാന്‍ കല്‍ക്കത്തയില്‍ ഇതിനിടെ ഒരു യോഗം കൂടിയിരുന്നു. അലഹബാദില്‍ പ്രഭുവിന്‍റെ സ്മരണാര്‍ത്ഥം ഒരു (പാര്‍ക്കു) ഉദ്യാനം ഏര്‍പ്പെടുത്തണമെന്നും, ഇതിലെക്കു നാട്ടുകാരും യൂറപ്യന്മാരും ഏകോപിച്ച് പ്രയത്നിക്കണമെന്നും തീര്‍ച്ചപ്പെടുത്തി, ഒരു കമ്മിററി ഏര്‍പ്പെടുത്തുകയും സിക്രട്ടറിയായി ആണറബിള്‍ മാളവ്യായെ നിശ്ചയിക്കയും ചെയ്തിരിക്കുന്നു.
ആലിപ്പൂര്‍ ബാംബുകേസ്സില്‍ ഗവര്‍ന്മെണ്ടുഭാഗം വക്കീലായി വ്യവഹരിക്കുകമൂലം, ആ രാജകകക്ഷിക്കാരില്‍ ഒരുവനാല്‍ വെടിവച്ച് കൊല്ലപ്പെട്ട അശുതോഷബിസ്വാസിന്‍റെ വിധവയ്ക്കും മൂത്തപുത്രനും ഇന്ത്യാഗവര്‍ന്മെണ്ട് ആണ്ടില്‍ അയ്യായിരത്തിലധികം രൂപ ആദായം വരുന്ന വസ്തുക്കള്‍ കരമൊഴിവായി വിട്ടുകൊടുത്തിരിക്കുന്നു.
നാസിക്കിലെ കളക്ടര്‍ മിസ്തര്‍ ജാക്‍സനെ വെടിവച്ചു കൊന്ന കേസിലെ ഒന്നും രണ്ടും, മൂന്നും പ്രതികളെ തൂക്കി കൊല്ലുവാനും, നാലും, അഞ്ചും, ആറും പ്രതികളെ ജീവപര്യന്തം നാടുകടത്തുവാനും, ഏഴാം പ്രതിയെ രണ്ടു കൊല്ലത്തെ കഠിനതടവിനും വിധിച്ചിരിക്കുന്നു.
യൂറോപ്പില്‍ താമസിയാതെ ഒരു വലിയ യുദ്ധമുണ്ടാകുമെന്നു ഒരു ഐറൊപ്യഗണിതക്കാരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.