ദിവാൻജിയുടെ ഉപക്രമപ്രസംഗം
- Published on January 09, 1907
- By Staff Reporter
- 665 Views
ശ്രീമൂലം പ്രജാസഭയുടെ ഒന്നാം വാർഷിക യോഗത്തിൻ്റെ ആരംഭത്തിൽ, ദിവാൻ മിസ്റ്റർ എസ്. ഗോപാലാചാര്യർ, വായിച്ച ഉപക്രമപ്രസംഗത്തിൻ്റെ മലയാള തർജ്ജിമ, (ഗവൺമെൻ്റിൽ നിന്നു തയ്യാറാക്കീട്ടുള്ളത്, വർത്തമാനപ്പത്രങ്ങൾക്ക് കിട്ടീട്ടില്ല). ഇവിടെ യഥാമതി തയ്യാറാക്കിയത്, താഴെ ചേർക്കുന്നു:-
മഹാജനങ്ങളേ,- ശ്രീമൂലം പ്രജാസഭയുടെ ഈ മൂന്നാമത്തെ യോഗത്തിലേക്ക്, ഞാൻ, അധ്യക്ഷൻ്റെ നിലയിൽ, നിങ്ങളെ. ഏറെ സന്തോഷത്തോടെ അഭിനന്ദിച്ചുകൊള്ളുന്നു.
കഴിഞ്ഞ കൊല്ലത്തിൽ, ഈ സംസ്ഥാനത്തിൻ്റെ ഭരണം എൻ്റെ ചുമതലയിൽ അല്ലായിരുന്നു എന്നു നിങ്ങൾക്കറിവുണ്ടല്ലൊ; ആകയാൽ, അക്കൊല്ലത്തിലെ കാര്യങ്ങളെപ്പറ്റി, എനിക്ക് സ്വാനുഭവത്തെ ആധാരമാക്കി പറയുവാൻ സാധിക്കയില്ല. അതിനാൽ, ഓരോരോ വകുപ്പ് മേലാവികൾ മുഖേനയും, എൻ്റെ മുമ്പാകെ സമീപിച്ചിട്ടുള്ള കണക്കുകൾ കൊണ്ടും, കഴിഞ്ഞ കൊല്ലത്തെ ഭരണത്തെപ്പറ്റി, ഞാൻ സംഭരിച്ചിട്ടുള്ള സംഗതികളുടെ ഒരു സംഗ്രഹത്തെ ഇതാ നിങ്ങളുടെ സമക്ഷത്ത് സമർപ്പിച്ചുകൊള്ളുന്നു.