ദിവാൻജിയുടെ പ്രസംഗം

  • Published on January 09, 1907
  • By Staff Reporter
  • 534 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                            (ഒന്നാം പുറത്തില്‍നിന്നും തുടര്‍ച്ച)

വ്യവസ്ഥ ഏര്‍പ്പെടുത്തിയതിന്‍റെ പിമ്പുള്ള ഫലങ്ങളെയും പറ്റി ഇനി വിവരിക്കാം:-

(1) പത്തു താലൂക്കുകള്‍ കണ്ടെഴുത്തു തീര്‍ന്നവയായി ഗണിക്കപ്പെട്ടിരിക്കുന്നു; എന്നാല്‍, ആ താലൂക്കിലൊന്നിലും റെവന്യുവകുപ്പിലേക്ക് രജിസ്തരുകള്‍ തയ്യാറാക്കി ഏല്പിച്ചിട്ടില്ലായിരുന്നു. ഈ പത്തില്‍, നാലുതാലൂക്കുകളില്‍ പല നമ്പരുകള്‍ക്കും പട്ടയം കൊടുക്കുവാനുമുണ്ടായിരുന്നു. ഇപ്പോള്‍, ഈ പത്തു താലൂക്കുകളിലെയും കണ്ടെഴുത്തുവേലകളെ മേല്പടി വകുപ്പുകാര്‍ പൂര്‍ത്തിവരുത്തിയിരിക്കുന്നു. (2) 15 താലൂക്കുകളില്‍ രജിസ്ട്രേഷന്‍ വേല നടന്നുകൊണ്ടിരിക്കയായിരുന്നു; ഓരോ താലൂക്കിലും ഈ രജിസ്ട്രേഷന്‍ വേല വളരെ കൊല്ലങ്ങളിലേക്ക് നീട്ടിനീട്ടിക്കൊണ്ടുപോകയായിരുന്നു. പുതിയ വ്യവസ്ഥയില്‍, പ്രതിപാദിച്ചിട്ടുള്ള ലഘുവായ നടവടിക്രമത്താല്‍, ഈ ഇനത്തില്‍, 1080-ലും 1081-ലും ഒട്ടുവളരെ വേലനടത്തപ്പെടുക നിമിത്തമായി വേലയ്ക്ക്, മേലില്‍,  അഭിവൃദ്ധിക്ക് എളുപ്പമുണ്ടായി. മേല്‍പറഞ്ഞതായ തിരുത്തിപുതുക്കപ്പെട്ട വ്യവസ്ഥ അനുസരിച്ച് 1081-ാമാണ്ടില്‍ 8-താലൂക്കുകളിലെ കണ്ടെഴുത്ത് തീരുന്നതിനുണ്ടായിരുന്നു. ഈ എട്ടു താലൂക്കുകളില്‍ വച്ച്, ചില വിശേഷ പ്രതിബന്ധങ്ങള്‍ നിമിത്തം  ഒരാണ്ടേക്കു കൂടെ കാലാവധി നീട്ടേണ്ടിവന്ന ഇരണിയല്‍ താലൂക്കൊഴികെ, ബാക്കി 7-താലൂക്കുകളും കണ്ടെഴുതിത്തീര്‍ന്നിരിക്കുന്ന നിലയിലായിട്ടുണ്ട്; ഇക്കൊല്ലത്തില്‍ പുതുക്കരം പിരിവു തുടങ്ങുകയും ചെയ്യും. കോട്ടയം ഡിവിഷനില്‍ 6-താലൂക്കുകള്‍ കണ്ടെഴുതുന്നതിനുണ്ടായിരുന്നു, ഈ താലൂക്കുകളിലെ എഴുത്തുഫാറം തയ്യാറാക്കുന്നതിന് റെവന്യു വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നതില്‍, പൂര്‍ണ്ണമായോ തൃപ്തികരമായോ തീര്‍ത്തിട്ടില്ലെന്നു കാണുകയാല്‍, കണ്ടെഴുത്തു ജോലിതുടങ്ങുന്നതിന് ഇനിയും കാലവിളംബം നേരിടാതിരിക്കുമെന്നതിലേക്കായി, ഈ വേലയുടെ ബാക്കിതീര്‍ക്കുവാന്‍ കണ്ടെഴുത്തുവകുപ്പു തന്നെ ചുമതലയേല്‍ക്കണമെന്ന് ഈയിട ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. പറവൂര്‍, തൊടുപുഴ താലൂക്കുകളിലെ കണ്ടെഴുത്തു ജോലി 1087-ല്‍ തന്നെ തുടങ്ങീട്ടുണ്ട്: മീനച്ചല്‍, ആലങ്ങാട്, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലെ കണ്ടെഴുത്തു വേല ഈയാണ്ടില്‍ തുടങ്ങിയിരിക്കുന്നു. ഈ താലൂക്കുകളിലെ കണ്ടെഴുത്തു ജോലി, മുന്‍നിശ്ചയിച്ചിരുന്നതിലും ഒരാണ്ടു കഴിഞ്ഞിട്ടുമാത്രം കൈയേല്‍ക്കുവാന്‍ സംഗതിയായതിനാല്‍, മുന്‍കൂട്ടി കരുതിയ വ്യവസ്ഥയെ തിരുത്തിപുതുക്കുവാന്‍ ആവശ്യം നേരിട്ടിട്ടുണ്ട്. ഇതിനെ പ്പറ്റി ആലോചന നടക്കുന്നു

You May Also Like