വനങ്ങൾ
- Published on January 09, 1907
- By Staff Reporter
- 310 Views
തന്നാണ്ടവസാനത്തില്‍, ഒഴിച്ചിടപ്പെട്ട വനങ്ങളുടെ ആകെക്കൂടിയ ഉള്ളളവ് 2,266-ചതുരശ്രമൈലും, 276-ഏക്കറും ആയിരുന്നു; ഒഴിച്ചിടപ്പെട്ട ഭൂമികളുടെ ഉള്ളളവ് 166 ചതുരശ്രമൈലും, 20 ഏക്കറും ആയിരുന്നു. ഡിവിഷന്‍ പേഷ്കാരന്മാരെ ചുമതലപ്പെടുത്തിയിരുന്ന, വനം കണ്ടെഴുത്തു ജോലി, അവരുടെ മറ്റുജോലികളോടുകൂടി, ഈവക കണ്ടെഴുത്തുകേസ്സുകളും എളുപ്പം തീരുമാനിപ്പാന്‍ സാധിക്കയില്ലെന്നു കാണുകയാല്‍, വളരെ മന്ദഗതിയിലാണ് നടന്നു വന്നത്. ആകയാല്‍, ഈ വേലയ്ക്ക് വിശേഷാല്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ച്; ഇപ്പോള്‍, ജോലി ഊര്‍ജിതമായി നടന്നുവരുന്നു. വിറകിനായും കാലിത്തീറ്റിയ്ക്കായും ഒഴിച്ചിടപ്പെട്ട സ്ഥലങ്ങള്‍ മുമ്പത്തെതില്‍ കൂടുതലാക്കീട്ടില്ലാ. കൃഷിപ്രധാനമായ ഓരോ പ്രദേശത്തും, കന്നുകാലികള്‍ക്കു മേച്ചല്‍സ്ഥലങ്ങള്‍ ഒഴിച്ചിടേണ്ട ആവശ്യകതയെപ്പറ്റി റെവന്യൂ വകുപ്പുമായി ആലോചിച്ച് നിശ്ചയിക്കുന്നതിന് വനംവക കണ്‍സര്‍വേറ്റരുടെ ശ്രദ്ധയെ ക്ഷണിച്ചിട്ടുണ്ട്. കൂടുതലായി 749 ഏക്കര്‍ സ്ഥലത്ത് തേക്കുതൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. തന്നാണ്ടില്‍, വനങ്ങളില്‍നിന്നും വെട്ടിശേഖരിച്ച തടി 61,848 കണ്ടിയുണ്ടായിരുന്നു; മുന്നാണ്ടില്‍ ഇത് 63,175-കണ്ടി ആയിരുന്നു. ഈ ഇനത്തിലുള്ള മുതലെടുപ്പ്, മുന്നാണ്ടില്‍ 6-ലക്ഷത്തി 38-ആയിരംരൂപ ആയിരുന്നതു പോയിട്ട്, തന്നാണ്ടില്‍ 6- ലക്ഷത്തി 27 ആയിരം ആയിത്തീര്‍ന്നു. മുതലെടുപ്പു കുറയുന്നതിനുണ്ടായ കാരണം, കണ്ട്റാക്ടര്‍മാര്‍ വെട്ടിയെടുത്ത തടിയുടെ കുറവും, ബ്രിട്ടീഷ് ഇന്ത്യയില്‍ തുടരേ ഉണ്ടായി ക്കൊണ്ടിരുന്ന ക്ഷാമംനിമിത്തം തടിക്കച്ചവടത്തിനു നേരിട്ട ഇടിവും ആകുന്നു. ഒഴിച്ചിടപ്പെട്ട വനങ്ങളില്‍ വേട്ടയാടുന്നതിനെ സംബന്ധിച്ച് പുതുക്കപ്പെട്ട ചട്ടങ്ങള്‍ തന്നാണ്ടില്‍ നടപ്പില്‍ വരുത്തി. തൊടുപുഴ താലൂക്കിലെ കന്നിയേലംവക കുത്തക ഏര്‍പ്പാടു നിറുത്തലിലാക്കാനും, ഏലത്തോട്ടങ്ങളെ അഞ്ചുവത്സരകാലത്തേക്ക് പാട്ടത്തിനുകൊടുപ്പാനും കല്പന നല്‍കി. തടിയളക്കുന്നതിനു കോല്‍, കണ്ടി എന്നിവയെ പ്രമാണിക്കുന്ന വ്യവസ്ഥയെ നിറുത്തിലിലാക്കാന്‍ ആജ്ഞാപിക്കയും, പകരം ഇംഗ്ലീഷ് അടി, അംഗുലംഎന്ന കണക്കില്‍ അളവ് ഏര്‍പ്പെടുത്തുകയും ചെയ്തു. - ഒഴിച്ചിടപ്പെടാത്ത വനങ്ങളില്‍നിന്ന് വെട്ടിക്കൊണ്ടുപോകുന്ന വിറകിന്, ടണ്‍ ഒന്നിന് ഒരുരൂപ വീതം സര്‍ക്കാരിലേക്ക് പ്രതിഫലം കൊടുക്കണമെന്ന് തന്നാണ്ടില്‍ വ്യവസ്ഥചെയ്തു, എന്നാല്‍, പലേടങ്ങളില്‍ നിന്നും പരാതികള്‍ ഉണ്ടാകയാല്‍, 1906-മേ 1-നു-മുതല്‍ ആറുമാസകാലത്തേക്ക് ആ വ്യവസ്ഥയെ നീക്കംചെയ്തു. അതിന്‍റെശേഷം, ടണ്‍ 1-ന് 4-അണവീതം പ്രതിഫലം ഏര്‍പ്പെടുത്തിയിരിക്കുന്നു.