ലേഖനം

  • Published on August 10, 1910
  • By Staff Reporter
  • 428 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 തുര്‍ക്കി രാജ്യത്തെ കലക്കത്തെക്കുറിച്ച് "മറാട്ടാ,, പത്രികയില്‍ എഴുതിവരുന്ന ലേഖനപരമ്പരയുടെ ഒരു ഘട്ടത്തില്‍, സുല്‍ത്താന്‍ അബ്ദല്‍ഹമിദിന്‍റെ ഭരണകാലത്തെപ്പററി ഇങ്ങനെ പറയുന്നു:- "അബ്ദള്‍ഹമിദിന്‍റെ ഭരണകാലത്ത് തുര്‍ക്കിരാജ്യം അകമെയും പുറമെയും വളരെ അധമമായ നിലയെ പ്രാപിച്ചിരുന്നു. തുര്‍ക്കി യുദ്ധത്തില്‍ തോല്‍പ്പിക്കപ്പെടുകയും, ധനപുഷ്ടിയുള്ള പ്രദേശങ്ങള്‍ കൈവിടേണ്ടിവരുകയും ചെയ്തു; തുര്‍ക്കിയുടെ നാവികസൈന്യം ക്ഷയിച്ചു; തുര്‍ക്കിയുടെ യോധസംഘം ആഹാരം കഴിപ്പാന്‍ വകയില്ലാതെയും ഉപേക്ഷിക്കപ്പെട്ടുമിരുന്നതു നിമിത്തം യുദ്ധംചെയ്യാന്‍ശേഷിയില്ലാതെ ഭവിച്ചു; കൊട്ടാരത്തിലെ കൃത്രിമക്കാരുടെ അഴിമതികള്‍ കൊണ്ടും ദുർന്നടപടികള്‍ കൊണ്ടും തുര്‍ക്കി മറുനാടുകളില്‍ നിന്നുള്ള കടത്തില്‍ മുഴുകേണ്ടിവന്നു; തുര്‍ക്കിയിലെ പലേ ഡിപ്പാര്‍ട്ടുമെണ്ടുകളേയും മറുനാട്ടുപ്രതിനിധികള്‍ ഭരിക്കാനിടയായി; നീതിന്യായവും സര്‍ക്കാരുദ്യോഗവും സാധാരണ വിലയ്ക്കുകൊടുക്കുന്ന സാധനങ്ങളാക്കപ്പെട്ടു; കൃസ്ത്യാനികളുടെ വധങ്ങളും, രാജ്യത്തിനുള്ളില്‍ സമാധാനരക്ഷയുണ്ടാക്കാന്‍ ഗവര്‍ന്മേണ്ടിനുണ്ടായിരുന്ന ശക്തിയില്ലായ്മയും നിമിത്തമായി അന്യരാജ്യത്തിലെ പൊലീസിനെ അവിടെ സ്ഥാനമേല്പിക്കേണ്ടിവന്നു; തുര്‍ക്കിയുടെ നിശ്ചൂര്‍ണ്ണനം അപരിഹരണീയമായിത്തന്നെ ഇരുന്നു. ഈ കഷ്ടാവസ്ഥയോടുകൂടി, രാജ്യഭരണത്തില്‍ പ്രയോഗിക്കപ്പെട്ടുവന്ന സ്വേച്ഛാ പ്രഭുത്വം നിമിത്തം ജനങ്ങളുടെ ഇടയില്‍ അപാരമായ അസന്തുഷ്ടിയും പരന്നു. അബ്ദള്‍ഹമീദ് ആളുകളെ തമ്മില്‍തമ്മില്‍ ശണ്ഠ കൂട്ടിച്ചു. എന്നാല്‍, അദ്ദേഹത്തിന് എല്ലാ സമയവും വല്ലവനും തന്നെ വധിച്ചേക്കുമോ എന്ന ഭയമുണ്ടായിരുന്നു; യാതൊരാളെപ്പററിയും വിശ്വാസമില്ലാതെയായി. അതിനാല്‍ തന്‍റെ ഭീരുത്വത്തെ രക്ഷിക്കുന്നതിലെക്കായി ക്രൂരനടപടികളെയും പ്രജാമര്‍ദ്ദനക്രിയകളേയും ആചരിച്ചു. ഉഥ്മാന്‍ സാമ്രാജ്യത്തില്‍ തന്‍റെ ആധിപത്യത്തെ ധ്വംസിക്കുന്നതിനുതക്ക ബലവാന്മാരാരും ഉണ്ടായിരിക്കരുതെന്നു കരുതിക്കൊണ്ട് രാജ്യത്തില്‍ ജനങ്ങളെ തമ്മില്‍ ഛിദ്രിപ്പിച്ചു. നിഷ്ഠൂരനടപടിക്കാരനായ ഒരു ഭരണാധികാരി തന്‍റെ രാജ്യത്തെ തനിക്കു അടമപ്പെടുത്തണമെന്നു നിര്‍ബന്ധമായി വിചാരിക്കുമ്പോള്‍, മഹത്തായ സല്‍ഗുണങ്ങളെല്ലാം അയാള്‍ക്ക് ദുസ്സഹമായിതോന്നുന്നതാണല്ലൊ. പ്രജകള്‍ അജ്ഞന്മാരായും, തമ്മില്‍ ഛിദ്രിച്ചിരിക്കുന്നവരായും, പരസ്പരം ശണ്ഠകൂടുന്നവരായും, ദുര്‍ന്നടത്തക്കാരായും ഭവിക്കുന്നെടത്ത് സ്വേച്ഛാപ്രഭുത്വത്തിന് തന്‍റെ കോട്ടയുറപ്പിക്കുവാന്‍ കഴിയുന്നു. കാര്യശേഷിയെപ്പററി അതിന്ന് എപ്പൊഴും ദുശ്ശങ്കകള്‍ ഉണ്ടായിക്കൊണ്ടിരിക്കും; സത്യസന്ധത, ബുദ്ധിശക്തി, ആര്‍ജ്ജവചിത്തത എന്നിവയുടെ പ്രഭയെ അത് പരിവര്‍ജ്ജിക്കുന്നു. സുല്‍ത്താന്‍റെ കൊട്ടാരം സേവകന്മാര്‍ നിന്ദ്യന്മാരും അനക്ഷരന്മാരും ആയ പരാന്നഭുക്കുകളായിരുന്നു. സ്വേച്ഛാപ്രഭുത്വത്തിന്‍റെ ലക്ഷ്യങ്ങളായ സമ്പ്രദായങ്ങളെയെല്ലാം അബ്ദുള്‍ഹമിദ് പ്രയോഗിച്ചിരുന്നു. തന്‍റെ പ്രജകള്‍ യുറപ്പില്‍ സഞ്ചരിച്ചാല്‍ സ്വാതന്ത്ര്യത്തെ ഗ്രഹിച്ചുവെങ്കിലോ എന്നു ശങ്കിച്ചിട്ട് അവരെ വിദേശസഞ്ചാരത്തിന്ന് അനുവദിക്കാതിരുന്നു. തന്‍റെ രാജ്യത്തിനകത്തെ പഠിപ്പേറിയ തുര്‍ക്കന്മാരുടെ എല്ലാ പ്രവൃത്തികളെയും സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു. കൊട്ടാരത്തില്‍ (സുല്‍ത്താനില്‍) വാണിരുന്ന ഭയം നിമിത്തം, രാജ്യത്തു യാതൊരു അഭിവൃദ്ധിയും സ്തംഭിച്ചു. ടൈപ്പ്റൈറര്‍ യന്ത്രങ്ങളും ടെലിഫോണ്‍ (സ്വനഗ്രാഹി) യന്ത്രങ്ങളും തന്‍റെ നാട്ടില്‍ ഏര്‍പ്പെടുത്തുന്നതിനു അനുവദിച്ചാല്‍ ഉപജാപകന്മാര്‍ക്ക് സഹായമായിത്തീര്‍ന്നേക്കാം  എന്നു ശങ്കിച്ച് അവയെ തന്‍റെ നാട്ടില്‍ കടത്തിക്കൂടായെന്നു നിര്‍ബന്ധിച്ചു. വര്‍ത്തമാന പത്രങ്ങള്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമില്ലായിരുന്നു. തുര്‍ക്കിയില്‍ വന്നുചേരുന്ന എല്ലാത്തരം അച്ചടിച്ച സാധനങ്ങളെയും വളരെ സൂക്ഷ്മമായി ശോധനചെയ്തിരുന്നു. പത്രങ്ങളെ പരിശോധിപ്പാനായി "എന്‍ഡ്‍ജുമെന്‍ഡാനിഷ്,, എന്നു പേരായ ഒരു ശാസ്ത്രജ്ഞസഭയെ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യതന്ത്രം, ചരിത്രം, വേദാന്തശാസ്ത്രം എന്നീവിഷയങ്ങളെ അല്പമെങ്കിലും സ്പര്‍ശിച്ചിട്ടുള്ളവയെന്നു ശങ്കിക്കപ്പെട്ട പുസ്തകങ്ങളെ ആപല്‍ക്കരങ്ങളും, വര്‍ജ്യങ്ങളുമായ കൃതികളായി ഗണിച്ചിരുന്നു. സ്വാതന്ത്ര്യം എന്നര്‍ത്ഥമാകുന്ന 'ഫരിയത്ത്, എന്ന വാക്കിനെ നിഘണ്ഡുക്കളില്‍ചേര്‍ത്ത് അച്ചടിച്ചുകൂടാ എന്നുപോലും നിബന്ധനചെയ്തിരുന്നു. ഹര്‍ബര്‍ട്ട് സ്പെന്‍സറുടെ കൃതികള്‍ കൈവശം വെച്ചാല്‍ കൊട്ടാരത്തിലെ കോപത്തിനിരയാവുകയും, കാരാഗൃഹത്തില്‍ പോകേണ്ടിവരുകയും ചെയ്തിരുന്നു. ഷേക്സ്പീയറുടെ ഹാമ്ലെററ് നാടകത്തില്‍  ഒരു രാജാവിനെ കൊലപ്പെടുത്തുന്ന രംഗം ഉള്ളതുകൊണ്ട് ആ നാടകം അഭിനയിക്കുവാന്‍ അനുവദിക്കപ്പെട്ടിരുന്നില്ലാ. പബ്ലിക്കായി സഭകൂടുന്നതു നിയമവിരോധമായിരുന്നു; ഒരു പബ്ലിക്‍സ്ഥലത്തിരുന്നു മൂന്നു നാലുപേര്‍കൂടി സംസാരിക്കുന്നതുകൂടെയും അപകടമായിതീര്‍ന്നു. അധികൃതന്മാരുടെ അനുവാദമില്ലാതെ ഒരു തുര്‍ക്കന് തന്‍റെ ഗൃഹത്തില്‍വെച്ച് തന്‍റെ സ്നേഹിതന്മാര്‍ക്ക് വിരുന്നുനല്‍കുവാന്‍ പാടില്ലായിരുന്നു, അനുവദിച്ചാല്‍തന്നെയും, അവരുടെ സംഭാഷണഭാവാദികള്‍ എന്തൊക്കെയെന്നു മനസ്സില്‍ കുറിച്ചെടുക്കുവാനായി ഒററുകാരനായ പൊലീസുകാരെ അതിഥികളായി അയച്ചിരുന്നു. ഒററുകാര്‍ നിമിത്തം സല്‍കുലജാതന്‍മാരായ അനേകംപേര്‍ക്ക് നാശം സംഭവിച്ചിരുന്നു. ഒററുവേലയ്ക്കായി ഇരുപതുലക്ഷം പവനോളം ചെലവും ചെയ്തിരുന്നു. കൊട്ടാരത്തിലെ കോപത്തിനിരയായി ശിക്ഷിക്കപ്പെടുന്നവരുടെ വിധി, കയറുകെട്ടി തൂക്കീട്ടോ, ചാക്കിനുള്ളില്‍ കെട്ടിയിട്ട് ബാസ്പറസ് സമുദ്രത്തില്‍ എറിഞ്ഞിട്ടോ മരണമായിരുന്നു. കൊട്ടാരത്തിലെ സമ്പ്രദായങ്ങളെപ്പററി ആക്ഷേപം പറകയോ, സ്വാതന്ത്ര്യവിചാരങ്ങള്‍ അടങ്ങിയ ഒരു പത്രം കൈവശംവെയ്ക്കയോചെയ്യുന്നആള്‍ക്ക് നാടുകടത്തലോ തടവോ ശിക്ഷ ലഭിച്ചിരുന്നു ....,, ഈ വിധമെല്ലാം കലക്കത്തിലിരുന്ന തുര്‍ക്കിരാജ്യക്കാര്‍ക്ക് സുല്‍ത്താന്‍റെ സ്വേച്ഛാപ്രഭുത്വത്തെ അമര്‍ത്താനും, രാജ്യഭരണപരിഷ്കാരംചെയ്യിച്ച് ജനപ്രതിനിധിസഭ ഏര്‍പ്പെടുത്താനും പിന്നീട് കഴിഞ്ഞു എന്നു രാജ്യഭരണചരിത്രജ്ഞാനത്തെ കാംക്ഷിക്കുന്ന വായനക്കാര്‍ അറിഞ്ഞിട്ടുണ്ടായിരിക്കുമല്ലൊ.

From the Reporter's Notebook

  • Published on August 10, 1910
  • 428 Views

A piece in the series of articles about the turmoil in Turkey being published in the Maratha Gazette has this to say about the reign of Sultan Abdul Hamid: “During the reign of Abdul Hamid, Turkey had fallen to lower depths both internally and externally. Turkey was defeated at war and it had to cede its economically viable provinces to the conquerors. The naval power of Turkey was also in decline. As the Turkish army was starving, it had lost its will and power to fight a war. Thanks to the nefarious doings of the corrupt officials at the palace, Turkey was indebted to other countries, so much so that many of its important departments had fallen into the hands of the representatives of alien countries. Delivery of justice and government jobs became commodities put on sale at throwaway prices. On account of the killings of Christians and the government having been rendered helpless in the matter of enforcing peace within the country, the police force of another country had to be entrusted with the problem of maintaining peace in the country. Turkey was irreversibly ruined. Along with this quandary, despotic tendencies adopted by the monarchy exacerbated the situation plunging the people into despair and sorrow. Abdul Hamid took pleasure in setting men on men. But all the time he lived in fear of getting killed by somebody. He came to distrust everyone. Therefore, seeking a way out of his cowardice, he indulged in cruelties and oppressed the people. He sowed the seeds of enmity among his subjects in the whole of the Ottoman Empire with the intention of precluding the emergence of strong men capable of overpowering him. If a ruthless ruler is intent upon enslaving his country, he will not be able to tolerate the embodiments of virtue. Where the subjects remain ignorant, divided, pugnacious and dissolute, despotism will find its way to authority and build its strong fortress. It will always be apprehensive of its own efficiency. It will ignore the grandeur of honesty, prudence and sincerity. The servants of the Sultan at the palace were petulant and illiterate parasites. Abdul Hamid was known to have employed all shenanigans; a characteristic of despotism. He denied his subjects permission to travel abroad fearing that life in Europe might make them aware of what freedom is. He kept a watchful eye on all educated Turks and their actions within the country. Because the Sultan was in the grip of fear, the overall growth of the country had been paralysed. He had put an embargo on the import of typewriters and telephones into the country for fear that the use of these devices would assist the designs of the intriguers. Newspapers had lost all freedom. Any printed material that found its way into Turkey was subject to thorough scrutiny. A scientific body called ‘endumendanish’ had been tasked with the job of scrutinising newspapers. Books that had even a trace of discussion on subjects like politics, history, and philosophy had been branded dangerous and hence were to be discarded. It was even directed that the word ‘hurriyat’, which meant ‘freedom’ should not be entered in dictionaries. The wrath of the palace fell on those who were found to be in possession of Herbert Spencer’s works and were subsequently sent to prisons. It was not allowed to stage Shakespeare’s play Hamlet as it had a scene in which a king is murdered. There was a legal ban on conducting meetings in public. Even three or four people sitting together and talking among themselves was deemed to be dangerous. No Turk was permitted to give a treat to his friends at his home without the prior permission of the authorities. Even if he was permitted to do so, police constables were arranged to attend such parties as guests to make a mental record of the conversations and actions of the participants. On account of these spies a number of people of noble birth were put to death. About two million pounds sterling was spent on spying alone. The fate of those who were punished after having incurred the wrath of the palace was either death by hanging or being hurled to death in a tied up sack into the Bosphorus Sea. If a man was caught vilifying the system being followed at the palace or was found to be carrying a copy of a paper given to free thoughts, he would either be exiled or imprisoned..." Our readers who follow the history of the regimes of different countries must be aware of the fact that the Turks, who were subject to such inhuman atrocities in their own country and was passing through a period of turmoil and upheaval, could at last turn the tide against the Sultan and put an end to his despotism.


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like