കേരളവാർത്ത - തിരുവിതാംകൂർ
- Published on May 13, 1908
- By Staff Reporter
- 883 Views
ആലപ്പുഴ ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ മിസ്തര്‍ സുന്ദരമയ്യര്‍ക്ക് അടുത്തൂണ്‍കൊടുത്തു ജോലി വിടുര്‍ത്താന്‍ അനുവദിച്ചിരിക്കുന്നു.
തൈക്കാട്ട് ആശുപത്രിയില്‍ അപ്പാത്തിക്കരി മിസ്തര്‍ നീലകണ്ഠപ്പിള്ളയെ അമ്പലപ്പുഴയ്ക്കു മാററിയിരിക്കുന്നു എന്നറിയുന്നു.-
ഡര്‍ബാര്‍ഫിസിഷന്‍ മേജര്‍ബീഡി, അടുത്ത അക്‍ടോബര്‍ 15-ാനു-യിടയ്ക്കേ ഇവിടെ എത്തുകയുള്ളു എന്ന് അറിയുന്നു.
മധ്യവേനല്‍ ഒഴിവു കഴിയുമ്പൊള്‍ മുതല്‍ ആലപ്പുഴെയും ചങ്ങനാശേരിയിലുമുള്ള സര്‍ക്കാര്‍ ഇംഗ്ലീഷ് സ്കൂളുകളെ നിറുത്തലാക്കുന്നതാണ്.
നിയമനിര്‍മ്മാണസഭയുടെ യോഗം 1908 ജൂണ്‍ 12 നു- ക്കു 1083 ഇടവം 30നു- വെള്ളിയാഴ് ച ഉച്ചയ്ക്കു 12 മണിക്കു പുത്തന്‍കച്ചേരിയില്‍ ദിവാന്‍ കച്ചേരി ചെയ്യുന്നു.
1083 ഇടവം 1നു- മുതല്‍ ഇടപ്പള്ളി തെക്കുംഭാഗവും ഇടപ്പള്ളി വടക്കുംഭാഗവും പ്രവൃത്തികളിലെ റവന്യൂ അധികാരം കുന്നത്തുനാട്ടുതാലൂക്കില്‍ നിന്ന് ആലങ്ങാട്ടു താലൂക്കിലേക്കു കല്പനപ്രകാരം മാറ്റിയിരിക്കുന്നു.
പൂന്തുറെ വൈദ്യന്‍ എന്നു പ്രസിദ്ധപ്പെട്ട ഒരു മഹമ്മദീയപ്രമാണിയെ മൂന്നു നാലു നാള്‍മുമ്പ് ശത്രുക്കള്‍ കൂടി കഠിനമായി തല്ലിച്ചതച്ചു കൈപൊട്ടിക്കയും, അയാള്‍ ആശുപത്രിയില്‍ കിടന്ന് മരിക്കയും ചെയ്തിരിക്കുന്നു എന്നറിയുന്നു.
ഈയ്യമണ്ണ് എടുക്കുന്ന തൊഴിലിന്‍റെ ഉദ്ധാരണത്തിനു വേണ്ടി, ഈയ്യമണ്ണിന് ടണ്‍ 1-നു ഒരു രൂപാ എട്ടണ (1-8-- ) വീതമുള്ള കയറ്റുമതി തീരുവ 1908 ഏപ്രില്‍ 10-നു-ക്ക് 1083 മീനം 19- നു- മുതല്‍ നിറുത്തല്‍ചെയ്തിരിക്കുന്നു.
കരുനാഗപ്പള്ളി താലൂക്കില്‍ പുതുപ്പള്ളി പ്രവൃത്തിയില്‍ കൊച്ചുമുറിപകുതിയെ കരുനാഗപ്പള്ളി രണ്ടാക്ലാസുമജിസ്ട്രേട്ടിന്‍റെ അധികാരത്തിന്‍കീഴില്‍നിന്ന്, കായങ്കുളം രണ്ടാംക്ലാസുമജിസ്ട്രേട്ടിന്‍റെ അധികാരത്തിന്‍കീഴിലേക്കു മാററിയിരിക്കുന്നു.
ദേവസ്വം ഊട്ടുപരിഷ്കാരത്തെപ്പററി കമിഷണര്‍ മിസ്തര്‍ രാമചന്ദ്രരായര്‍ തയ്യാറാക്കി അയച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍, ഇപ്പൊഴത്തെ ഊട്ടുപുരകളില്‍ എട്ടുപത്തെണ്ണം നിറുത്തല്‍ ചെയ്യാനും, ആണ്ടെക്ക് ഒരു ലക്ഷം രൂപ ചെലവുകുറയ്ക്കാനും വ്യവസ്ഥ ചെയ്തിട്ടുള്ളതായി അറിയുന്നു.
എക്സൈസ് കമിഷണര്‍ മിസ്തര്‍ പൊന്നമ്പലം പിള്ള, ഇന്ന്, മിസ്തര്‍ പത്മനാഭരായര്‍ക്ക് ചാര്‍ജ് എല്പിച്ചുകൊടുക്കുന്നതാണ്. മിസ്തര്‍ രായരെ കൊല്ലം ഡിവിഷന്‍ എക്സൈസ് അസിസ്റ്റന്‍റ് കമിഷണര്‍ വേലയോടുകൂടിയാണ് തല്‍കാലം കമിഷണര്‍ ജോലിക്കു നിശ്ചയിച്ചിരിക്കുന്നത്.
കോതയാര്‍ ചാനല്‍ സംബന്ധിച്ചുള്ള പുറമ്പോക്ക്, പുതുവല്‍ ഈ വക ഭൂമികളെ പേരില്‍ പതിച്ചുകിട്ടുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കപ്പെടുവാന്‍ പാടില്ലെന്നു 1898 ഡിസംബര്‍ 3നു- പ്രസിദ്ധീകരിച്ചിരുന്ന പരസ്യത്തെ റദ്ദ് ചെയ്തിരിക്കുന്നതായി ഗവര്‍ന്മേണ്ടു ഗസററില്‍ പരസ്യം ചെയ്തു കാണുന്നു.
ജെനറല്‍ ആശുപത്രിയിലെ യൂറപ്യന്‍ നഴ് സുകള്‍ക്ക് പാര്‍ക്കാനായി, 5,000-രൂപവിലയ്ക്കു കുറേ മാസംമുമ്പ് ഗവര്‍ന്മേണ്ട് വാങ്ങിയ കെട്ടിടം പാര്‍പ്പിന് നല്ലതല്ലെന്നു കാണുകയാല്‍, സ്ത്രീകളുടെ ആശുപത്രിക്കടുപ്പിച്ച് ഒരു പുതിയ കെട്ടിടം പണിവാന്‍ ആറായിരം രൂപ അനുവദിച്ചിരിക്കുന്നതായി അറിയുന്നു.
ചാലയില്‍ മലയാംപള്ളിക്കൂടത്തൊടു ചേര്‍ക്കുന്നതിനു വഞ്ചിയൂരധികാരത്തില്‍ ചാലയില്‍ കടത്തലക്കല്‍ വീട്ടില്‍ ചുടലമുത്തു തിരവിയത്തിന്‍റെ പേരില്‍പതിഞ്ഞു, ടിയാന്‍ അനുഭവിച്ചുവരുന്ന ചെങ്ങഴിശ്ശേരി പകുതിയില്‍ സര്‍വ്വേ 2739-ാം നമ്പര്‍ വസ്തുവില്‍ നിന്ന് 10 സെന്‍റു സ്ഥലം എടുക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു.