മറ്റുവാർത്തകൾ

  • Published on April 11, 1908
  • By Staff Reporter
  • 966 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 നെയിത്തിന് ആവശ്യപ്പെടുന്ന ഇഴനൂല്‍ ഇന്ത്യയില്‍ നിന്ന് ചൈനായിലേക്ക് അയച്ചുകൊണ്ടിരുന്നത്, ഇപ്പോള്‍, ആവശ്യത്തിലധികമാണെന്നു വരുകയാല്‍ ബംബയിലെ എട്ട് നൂല്‍ക്കമ്പനികളില്‍ വേലചുരുക്കിയിരിക്കുന്നു. ഇതുനിമിത്തം, വേലക്കാര്‍ വളരെ ആശാഭംഗത്തോടുകൂടേ കലശല്‍കൂട്ടുന്നതായി കാണുന്നു. ഇനി ഒരുനിശ്ചയം ചെയ്യുന്നതുവരെ, മാസത്തില്‍ 18 ദിവസമേ മേല്പടിവക നൂല്‍പ്പിരിപ്പു യന്ത്രശാലകളില്‍ വേല ചെയ്യിക്കുന്നുള്ളു എന്നറിവു കൊടുക്കയാല്‍, വേലക്കാര്‍, ഒന്നായി ചേര്‍ന്ന് വേലമുടക്കുകയും, വേല ഉണ്ടായാലും ഇല്ലാതിരുന്നാലും മാസത്തില്‍ 26 ദിവസത്തെ ശമ്പളം അവര്‍ക്കുകൊടുക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഇതില്‍, കമ്പനിക്കാര്‍ക്ക് സമ്മതമില്ലായ്കയാല്‍,  വേലക്കാര്‍ പതിനായിരംപേരും വേലയ്ക്കുപോകാതെ ചുറ്റിപ്പറ്റി നടന്നു, അവര്‍ കലശല്‍ വര്‍ദ്ധിപ്പിക്കാതിരിപ്പാനായി ആയുധപാണികളായ പോലീസുകാരുടെ സഹായത്തെ കമ്പനിക്കാര്‍ അപേക്ഷിക്കയുണ്ടായി. വേലക്കാരായ അനേകായിരം സ്ത്രീകള്‍, അവരുടെ അന്നേവരെയുള്ള ശമ്പളം കിട്ടണമെന്ന് യന്ത്രശാലാസൂപ്രേണ്ടിനോട് ശഠിച്ചു. അവരെയും പോലീസുകാര്‍ അമര്‍ത്തി നിറുത്തി. ഒടുവില്‍ കിട്ടിയവര്‍ത്തമാനപ്രകാരം, ഏപ്രില്‍ 6 -നു- വൈകുന്നേരം തന്നെ യന്ത്രശാല പ്രവര്‍ത്തകന്മാര്‍, വേലക്കാര്‍ക്ക് ചില സൌജന്യങ്ങള്‍ അനുവദിച്ചതായി അറിയുന്നു. മാസത്തില്‍ 23 ദിവസത്തേക്കെങ്കിലും വേലകൊടുക്കാമെന്ന് പ്രതിജ്ഞചെയ്കയും അതിന്മണ്ണം പരസ്യപ്പെടുത്തുകയും ചെയ്തതനുസരിച്ച്, 7-നു-രാവിലെ വേലക്കാരെല്ലാം വീണ്ടും വേലയേറ്റിരിക്കുന്നു. ഈ വേല മുടക്കസംഗതിയില്‍, വേലക്കാര്‍ അക്രമങ്ങള്‍ കാണിക്കാതെ തന്നെയാണ് തങ്ങളുടെ സങ്കടങ്ങളെ അറിയിച്ചിട്ടുള്ളതെന്നറിയുന്നു.

 കമ്പിത്തപാലാഫീസിലെ ജോലിക്രമത്തില്‍ ചില ഭേദഗതികള്‍ ഈയിട ഏര്‍പ്പെടുത്തിയതുനിമിത്തം കല്‍ക്കത്തയില്‍, ഇതിനിടെ, ഇന്ത്യന്‍ ദിക്കുകളിലെക്കായിമാത്രം എണ്ണായിരത്തോളവും, മറുനാടുകളിലേക്ക് എഴുനൂറോളവും കമ്പികള്‍ അയയ്ക്കാതെ കിടപ്പായിപ്പോയി.  ഇന്ത്യന്‍ ദിക്കുകളിലേക്കുള്ളവ തപാല്‍ മാര്‍ഗ്ഗം അയയ്ക്കേണ്ടിവന്നു. ഈ മുടക്കം നിമിത്തം; കല്‍ക്കത്തയിലെ കച്ചവടക്കാര്യത്തിന് വളരെ കുഴപ്പവും, പലേ വ്യാപാരികള്‍ക്ക് നഷ്ടവും ഉണ്ടായി. ഇതിനെ സംബന്ധിച്ച് അവിടത്തെ കച്ചവടസംഘക്കാര്‍ കൂടി ആലോചിച്ച് ചില എഴുത്തുകുത്തുകള്‍ ഗവര്‍ന്മേണ്ടുമായി നടത്തിവരുന്നു.

 അല്ലഹബാദിലെ "സ്വരാജീയ" എന്ന പത്രത്തില്‍, രാജദ്രോഹകരമായ ലേഖനം പ്രസിദ്ധമാക്കി എന്ന സംഗതിക്കു അവിടത്തെ കളക്റ്റര്‍, അതിന്‍റെ പത്രാധിപരായ ശാന്തിനാരായണന്‍ എന്ന ആളെ വിളിച്ചുവരുത്തി തല്‍കാലം താക്കീതു ചെയ്തിരിക്കുന്നു. മേലാല്‍ അല്പമെങ്കിലും, രാജദ്രോഹകരമായ ലേഖനം പ്രസിദ്ധീകരിക്കുന്നപക്ഷം, പത്രാധിപരുടെമേല്‍ കേസു നടത്തുമെന്നും പറഞ്ഞിരിക്കുന്നു.

You May Also Like