നിഷ്ഠൂരമായ വിധി

  • Published on July 25, 1908
  • By Staff Reporter
  • 417 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 മിസ്റ്റര്‍ ബാലഗംഗാധരതിലകനെ ആറുകൊല്ലം നാടു കടത്തുവാന്‍ ബുധനാഴ്ച രാത്രി 10 മണിയ്ക്കു "വിധി പറഞ്ഞിരിക്കുന്നു,, - എന്ന്, മിനിഞ്ഞാന്ന് (ജൂലൈ 23 നു- ) പകല്‍ ഉച്ചയ്ക്ക്, പുനാ നഗരത്തില്‍ നിന്ന് ഞങ്ങള്‍ക്കു കിട്ടിയ കമ്പിവാര്‍ത്തയെ ഈ നഗരത്തിലും പുറമെയും ഞങ്ങള്‍ പ്രസിദ്ധമാക്കിയത് വായനക്കാര്‍ അറിഞ്ഞിരിക്കുമല്ലൊ. ഈ വിധിയുടെ ന്യായങ്ങള്‍ മുഴുവനും ഇതേവരെ സവിസ്തരം കിട്ടിയിട്ടില്ലാത്തതിനാല്‍, അതിനെ വിവരിക്കുവാന്‍ ഇപ്പോള്‍ സാദ്ധ്യമല്ലെന്ന് ഞങ്ങള്‍ വ്യസനിക്കുന്നു. എന്നാല്‍, മിസ്റ്റര്‍ തിലകന്‍റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെ സംബന്ധിച്ച്, ബംബാ ഹൈക്കോടതി സെഷന്‍സ് ജഡ്ഡിയുടെ മുമ്പാകെ നടന്ന വിചാരണകളുടെയും, മിസ്തര്‍ തിലകന്‍റെ അതിദീര്‍ഘമെങ്കിലും, അതിമുഖ്യവും അതിവിശിഷ്ടവും ആയ പ്രതിവാദ പ്രസംഗങ്ങളുടെയും വിവരങ്ങളെപ്പറ്റിയുള്ള പത്രറിപ്പോര്‍ട്ടുകളെ വായിച്ചു ഗ്രഹിച്ചതുകൊണ്ടുനോക്കിയെടത്തോളം, ഈ വിധി മിസ്തര്‍ തിലകന്‍റെ ഇപ്പൊഴത്തെ അവസ്ഥയ്ക്കു നിഷ്ഠുരമായിപ്പോയി എന്നു ഇന്ത്യക്കാര്‍ വ്യസനിക്കുന്നതാകുന്നു. മിസ്തര്‍ തിലകന്‍ തന്‍റെമേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളെ ഒന്നൊന്നായി അഴിച്ചു പിരിച്ച് ശോധന ചെയ്ത്, അവ നിലനില്‍ക്കത്തക്കവയല്ലാ  എന്നും; താന്‍ കേസിനു ഹേതുവായ ലേഖനങ്ങള്‍ എഴുതിയതു ബ്രിട്ടീഷു ഗവര്‍ന്മേണ്ടിന്‍റെ പേരില്‍ പ്രജകള്‍ക്കു വിദ്വേഷമുണ്ടാക്കണമെന്ന മന:പൂര്‍വമായ വിചാരത്തൊടു കൂടിയല്ലെന്നും;  തന്‍റെ ലേഖനങ്ങള്‍കൊണ്ടു ജനങ്ങള്‍ ഗവര്‍ന്മേണ്ടിന്‍റെ നേര്‍ക്കുവിദ്വേഷംവച്ചു യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും; തന്‍റെ ലേഖനത്തിലെ അഭിപ്രായങ്ങള്‍, ഇന്ത്യക്കാരെ അധിക്ഷേപിച്ചും, ജനങ്ങളെ തമ്മില്‍ ഛിദ്രിപ്പിക്കാന്‍ തക്കവണ്ണവും ചില ആംഗ്ലോ ഇന്ത്യന്‍പത്രങ്ങള്‍ എഴുതിയ ലേഖനങ്ങളിലെ ദുരഭിപ്രായങ്ങളെ ഖണ്ഡിച്ചു പറഞ്ഞിട്ടുള്ളവയാണെന്നും; തന്‍റെ ലേഖനത്തിലുള്ള സംഗതികള്‍ പലതും ലാര്‍ഡ് മാര്‍ളി മുതലായ രാജ്യകാര്യധുരന്ധരന്മാരും രാജ്യതന്ത്രജ്ഞന്മാരും പറഞ്ഞിട്ടുള്ളവ തന്നെയാണെന്നും തന്‍റെ ലേഖനം മറാത്തി ഭാഷയിലായിരിക്കെ, അതിന്‍റെ മിക്കവാറും അബദ്ധമായ   ഇംഗ്ലീഷ് തര്‍ജ്ജിമയെ ആധാരമാക്കി തന്‍റെ മേല്‍ കുറ്റം ആരോപിച്ചുകൂടുന്നതല്ലെന്നും താന്‍ ഇന്ത്യയുടെ ശ്രേയോഭിവൃദ്ധിയെ ഏകോദ്ദേശമാക്കിയാണ് തന്‍റെ അഭിപ്രായങ്ങളെ ഉത്തമവിശ്വാസപൂര്‍വം പറഞ്ഞിട്ടുള്ളതെന്നും മറ്റും വളരെ ചാതുര്യത്തൊടും യുക്തിയോടും പ്രസംഗിച്ചിരുന്നു. ജൂരിമാരോടുള്ള ഹൃദയസ്പര്‍ശിയായ ഈ പ്രസംഗം രണ്ടുമൂന്നുദിനത്തിലധികം ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍, ഇതിന്‍റെ ദൈര്‍ഘ്യം എന്തുമാത്രമെന്ന് ഊഹിക്കാമല്ലൊ. "ഞാന്‍ ഗവര്‍ന്മേണ്ടിന്‍റെ പ്രീതിയില്‍ ഉള്‍പ്പെട്ട ഒരുവനല്ലാ എന്ന് എനിക്കറിയാം. ഞാന്‍ നിങ്ങളോട് കൃപയെ യാചിക്കുന്നില്ലാ. നിങ്ങള്‍ നീതിയെ നിലനിറുത്തണമെന്നാണ് എന്‍റെ അപേക്ഷ. ജൂരിമാര്‍ സാമാന്യേന ജനതയുടെ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കേണ്ടവരാകുന്നു. ജൂരിമാര്‍ക്ക് കോടതി ജഡ്ജിയുടെ അഭിപ്രായത്തെ  അനുകൂലിക്കേണ്ട നിര്‍ബന്ധമില്ലാ. ജൂരിമാരുടെ ഈ പരിപാവനമായ കര്‍ത്തവ്യകര്‍മ്മമാതൃകയെ അവര്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ഏതൊരുവനേയും വിചാരണചെയ്യാതെ അണ്ടമാന്‍ദ്വീപിലേക്ക് അയയ്ക്കുവാന്‍ എക്സിക്യൂട്ടീവ് ഗവര്‍ന്മേണ്ട് അധികാരം എടുത്തുകൊള്ളുകതന്നെ ഉത്തമം,, എന്നും, മറ്റും മിസ്റ്റര്‍ തിലകന്‍ നിര്‍ഭയം പ്രസംഗിച്ചിരുന്നു. ഇപ്രകാരമുള്ള പ്രതിവാദപ്രസംഗംകേട്ടിട്ടും, കോടതിയില്‍നിന്ന്, മിസ്റ്റര്‍ തിലകന്‍റെമേല്‍ മേല്പറഞ്ഞവിധം വിധിച്ചത് വ്യസനിക്കത്തക്കതുതന്നെ.

 

You May Also Like