വൃത്തസംഗ്രഹം

  • Published on April 30, 1909
  • By Staff Reporter
  • 433 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                       വൃത്തസംഗ്രഹം

                                      (ഇംഗ്ലീഷ് പ്രതിദിന പത്രങ്ങളില്‍ നിന്ന്)

                                                                    വിദേശം.                    

 ഗ്രേറ്റ് ബ്രിട്ടെന്‍, ഫ്രാന്‍സ്, റഷ്യാ, ഈ മഹാരാജ്യങ്ങള്‍, ബുള്‍ഗേറിയയുടെ സ്വാതന്ത്യത്തെ സമ്മതിച്ചിരിക്കുന്നു.

 പര്‍ഷ്യയിലെ ടാബ്രിസ് നഗരത്തിലുള്ള റൊട്ടിക്കിടങ്ങുകളൊക്കെ, അന്ത:ഛിദ്രത്താല്‍ പൂട്ടിക്കളകകൊണ്ട് അനേകം ജനങ്ങള്‍ പട്ടിണികിടന്ന് മരിച്ചുപോയിരിക്കുന്നു.

 പര്‍ഷ്യയില്‍ കലക്കം വര്‍ദ്ധിച്ച് സ്ത്രീ ജനങ്ങള്‍ കൂടെ തെരുവുനീളെ ഇറങ്ങി ലഹളകള്‍ കൂട്ടിവരുന്നു.

  ടാബ്രിസ് നഗരത്തില്‍ ഒരുവിധം കുഴപ്പം ശമിച്ചാല്‍ ഉടന്‍ അവിടെ സമാധാനപാലനത്തിനായി അയയ്ക്കപ്പെട്ടിട്ടുള്ള റഷ്യന്‍ സൈന്യങ്ങളെ തിരികെ വിളിക്കുന്നതാണ്.

 ടാബ്രിസ്സില്‍ കലക്കം ഒതുക്കി സമാധാനരക്ഷ ഉണ്ടാക്കാനായി രണ്ടായിരം റഷ്യന്‍ ഭടന്മാര്‍ ടൈഫ്‍ലിസ് നഗരത്തില്‍നിന്ന് അവിടെയ്ക്ക് പോയിരിക്കുന്നു.

 കഴിഞ്ഞവെള്ളിയാഴ്ച  ലിസ്ബാന്‍ നഗരത്തില്‍ ഭൂകമ്പം സ്പര്‍ശിക്കയാല്‍, പലെ വീടുകളുടെയും ഭിത്തികള്‍ വിണ്ടുപോയിരിക്കുന്നു. ആളപായമൊന്നുമില്ലാ.

 ബ്രിട്ടീഷ് മഹാരാജാവും പരിവാരവും മാള്‍ട്ടയില്‍നിന്ന് കപ്പല്‍കയറി കറേറനിയാ, പാലര്‍മോ എന്നീ സ്ഥലങ്ങളിലേക്ക് പോയിരിക്കുന്നു. അവിടെനിന്ന് ഇററലിരാജാവിനേയും രാജ്ഞിയെയും സന്ദര്‍ശിക്കുവാന്‍ ബയയാവിലെത്തുന്നതാണ്.

 തുര്‍ക്കിസുല്‍ത്താന്‍ ഇപ്പൊള്‍ യില്‍ഡിസ്സിൽ തന്നെ പാര്‍ക്കുന്നു. സ്കൂട്ടേരിയില്‍ പോകാതിരിപ്പാനായി ശത്രുക്കള്‍ നോക്കിനടക്കുന്നു

 തുര്‍ക്കിയില്‍ സുല്‍ത്താന്‍റെ വിരോധികളായി 4,000 പേരെ ബന്ധിച്ചിരിക്കുന്നു.

 പര്‍ഷ്യയില്‍ യുദ്ധം നിറുത്തിവയ്ക്കാന്‍ കല്പനകൊടുക്കുന്നതിന് ഷാഹ് സമ്മതിച്ചിരിക്കുന്നു.

 പോര്‍ത്തുഗലില്‍ റിബാട്ടെജോ, ബോണാവെന്‍റ്, സൊന്‍മോറാ എന്ന പ്രദേശങ്ങളില്‍ ഭൂകമ്പം നിമിത്തം വീടുകള്‍ തകര്‍ന്നുപോകയും പലരും മരിക്കയും പലര്‍ക്കും പരുക്കുകള്‍ പററുകയും ചെയ്തിരിക്കുന്നു.

 ലിസ്ബണില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പെട്ടു കഷ്ടപ്പെടുന്നവരെ സഹായിപ്പാന്‍ വേണ്ടഏര്‍പ്പാടുകള്‍ അവിടെ നടന്നുവരുന്നു.

You May Also Like