വാർത്ത

  • Published on April 06, 1910
  • By Staff Reporter
  • 616 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കൊല്ലം ഡിവിഷന്‍ അഞ്ചല്‍ ഇന്‍സ്പെക്‍ടരാഫീസില്‍ രായസം സുബ്രഹ്മണ്യയ്യനെ ചില പ്രത്യേകകാരണങ്ങളാല്‍ സൂപ്രെണ്ട് മിസ്റ്റര്‍ വര്‍ക്കി തരംതാഴ്ത്തുകയും, അതിനെപ്പററിയും മററും പരാതി പറകയാല്‍ ആ ആളെ ദിവാന്‍ജി വേലയില്‍ നിന്ന് ഡിസ്‍മിസ് ചെയ്കയും ചെയ്തതിനെസംബന്ധിച്ചു ഒരു ലേഖനം മറെറാരുഭാഗത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുബ്രഹ്മണ്യയ്യര്‍ ഇതിനെപ്പററി അപ്പീല്‍ ബോധിപ്പിച്ചുകൊണ്ട് ഹജൂര്‍കച്ചേരികാത്തു സങ്കടക്കാരനായി നില്‍ക്കുന്നുണ്ടെന്നറിയുന്നു. സൂപ്രെണ്ടു മിസ്തര്‍ വര്‍ക്കി ഉദ്യോഗനിലയില്‍ കാണിച്ചിട്ടുള്ള അക്രമങ്ങളേയും അഴിമതികളേയുംപററി ഈ രായസക്കാരന്‍ വിശദമായി ദിവാന്‍ജിയുടെ അടുക്കല്‍ പരാതിബോധിപ്പിച്ചിട്ടും അതിനെപ്പററി മിസ്തര്‍ രാജഗോപാലാചാരി വേണ്ടുംവണ്ണം ഗൌനിക്കാത്തത് അശേഷം ആശാസ്യമാണെന്നു ഞങ്ങള്‍ വിചാരിക്കുന്നില്ലാ. സൂപ്രെണ്ടിന്‍റെ മേലുള്ള ഗൌരവാവഹങ്ങളായ തെററുകളെപ്പററി സങ്കടക്കാരന്‍ തെളിവു തരാമെന്നു പറയുന്നതിനെ സ്വീകരിക്കുന്നതല്ലെന്നു ദിവാന്‍ജി ശഠിക്കുന്നതിന്‍റെ രഹസ്യമെന്തായിരിക്കും? ഹര്‍ജിക്കാരന്‍ സൂപ്രെണ്ടിന്‍റെ കീഴില്‍ ജോലി ചെയ്തിട്ടുള്ളവനാകയാല്‍ ആ ഡിപ്പാര്‍ട്ടുമെണ്ടു സംബന്ധമായ രഹസ്യഅഴിമതികള്‍ അറിഞ്ഞിരിപ്പാന്‍ വളരെ സൌകര്യമുണ്ടായിരുന്നിരിക്കണം. ഇങ്ങനെയുള്ള പരാതികളെ കേട്ട് ഡിപ്പാര്‍ട്ടുമെന്‍റു മേലധികാരികളുടെ ക്രിത്രിമങ്ങള്‍ മനസ്സിലാക്കാതെ അഴിമതികള്‍ക്കു ഉപശമം ഉണ്ടാകുന്നതിനു മാര്‍ഗ്ഗമേത്? സൂപ്രേണ്ടിന്‍റെ അക്രമപ്രവൃത്തികളെപ്പറ്റിയുള്ള തെളിവുകള്‍ സ്വീകരിക്കുന്നതിന് ഒരു കമീഷനെ നിയമിച്ചാല്‍ ആ വക ചെലവിന്ന് രണ്ടായിരംരൂപാ സങ്കടക്കാരനായ സുബ്രഹ്മണ്യയ്യന്‍ കെട്ടിവയ്ക്കാമെന്നും, ഹര്‍ജിക്കാരന്‍റെ പ്രസ്താവങ്ങള്‍ക്കു തെളിവു ഉണ്ടാകാത്തപക്ഷം ഇത്രയും രൂപാ ഗവര്‍ന്മേണ്ടിലേക്കു വിട്ടുകൊടുക്കുന്നതിനുപുറമേ നിയമാനുസൃതമുള്ള ശിക്ഷയും അനുഭവിച്ചുകൊള്ളാമെന്നും ഈ സങ്കടക്കാരന്‍ ദിവാന്‍ജിയോടു ബോധിപ്പിച്ചു****************************************ദിവാന്‍ജി സങ്കടക്കാരനെ അവിശ്വസിക്കുന്നതു അനുചിതവും അന്യായവും അല്ലെങ്കില്‍ മറെറന്താണ്? ദിവാന്‍ സങ്കടം കേള്‍ക്കുന്ന വിഷയത്തില്‍ കാണിക്കുന്ന ഈദൃശം അലസത, ഡിപ്പാര്‍ട്ടുമെന്‍‍റു മേലധികാരികള്‍ സ്വാധികാര പ്രമത്തന്മാരായി തീരുന്നതിനുള്ള ഒരു പെരുവഴി എന്നു നിസ്സംശയം അഭിപ്രായപ്പെടാവുന്നതാണ്.

You May Also Like